ചന്ദ്രയാൻ 3 പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തൽ പ്രക്രിയയും വിജയം. പേടകം നിലവിൽ ചന്ദ്രനിൽനിന്ന് 1474 കിലോമീറ്റർ അകലത്തിലാണ്. അടുത്ത ഭ്രമണപഥം താഴ്ത്തൽ 14നു രാവിലെ 11.30നും 12.30നും ഇടയിൽ നടക്കും. ഓഗസ്റ്റ് അഞ്ചിന് വൈകിട്ടാണ് ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ഞായറാഴ്ച രാത്രി ആദ്യഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി.ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3, 22-ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായാണ് ഭ്രമണപഥം താഴ്ത്തുന്നത്. ഇതിൽ രണ്ടാം ഘട്ടമാണ് ഇന്നു നടക്കുന്നത്. അഞ്ച് ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇറക്കാാണ് ഉദ്ദേശിക്കുന്നത്.
നേരത്തെ, 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്ട്രി എന്ന പഥത്തിലൂടെ സഞ്ചരിച്ചാണ് ചന്ദ്രയാൻ 3 ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടന്നത്. 17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രൻറെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയർത്തിയാണ് ഭൂഗുരുത്വ വലയത്തിൽനിന്ന് പുറത്തു കടന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്. ഈ മാസം 17ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ വേർപെടും. 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ.