ഗഗൻയാൻ: യു.എസ്സിലും യൂറോപ്പിലും കഠിനപരിശീലനം നടത്തി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികള്‍

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാന്റെ അണിയറ പ്രവർത്തനത്തിലാണ്‌ ഐ.എസ്.ആര്‍.ഒ. ഇതിനായുള്ള ഗവേഷണങ്ങളും മറ്റ് ജോലികളും പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐ.എസ്.എസ്) കുതിച്ചുയരാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ആസ്‌ട്രോനോട്ടുകള്‍ക്കുള്ള പരിശീലനവും കൂടെ നടക്കുന്നുണ്ട്.

ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാൻശു ശുക്ല, മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് കഠിനമായ പരിശീലനം നടത്തുന്നത്. യു.എസ്സിലും യൂറോപ്പിലുമായാണ് ഇവരുടെ പരിശീലനം. ഓഗസ്റ്റില്‍ തന്നെ ഇരുവരും യു.എസ്സിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെത്തി പരിശീലനം ആരംഭിച്ചിരുന്നു.

പിന്നീട് സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പേസിലും ഇരുവരും പരിശീലനത്തിനെത്തി. ആക്‌സിയോം സ്‌പേസിന്റെ ആക്‌സിയോം-4 ദൗത്യത്തിന്റെ ഭാഗമായി ശുഭാൻശു ശുക്ലയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്മാറേണ്ടിവന്നാല്‍ പ്രശാന്ത് ബാലകൃഷ്ണനാകും പകരം പോകുക.

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറി ഡ്രാഗണ്‍ ക്യാപ്‌സ്യൂളിലാണ് സംഘം ബഹിരാകാശ നിലയത്തിലേക്ക് പോകുക. യു.എസ്സില്‍ നിന്നുള്ള പെഗ്ഗി വിറ്റ്‌സണ്‍ ആണ് മിഷന്‍ കമാന്‍ഡര്‍. കൂടാതെ പോളണ്ടില്‍ നിന്നും ഹംഗറിയില്‍ നിന്നുമുള്ള ഓരോ സഞ്ചാരികളും ശുഭാൻശുവിന് പുറമെ സംഘത്തിലുണ്ട്. ഇന്ത്യന്‍ ബഹിരാകാശസഞ്ചാരികള്‍ നേടുന്ന പരിശീലനവും ഐ.എസ്.എസ്. യാത്രയുമെല്ലാം ഐ.എസ്.ആര്‍.ഒയുടെ ഭാവി ദൗത്യങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും. ആക്‌സിയോണ്‍ ദൗത്യത്തിന്റെ ഭാഗമായി പോകുന്ന ബഹിരാകാശ സഞ്ചാരികള്‍ വിവിധ ഗവേഷണങ്ങളും സാങ്കേതികവിദ്യകളുടെ ഉപയോഗവും ബഹിരാകാശ നടത്തവുമെല്ലാം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *