വീടുകളിൽ നിന്നും ജോലി ചെയ്യുന്ന തൊഴിലാളികളെ ഓഫീസിലേക്ക് തിരിച്ചു വിളിച്ച് സൂം. കമ്പനിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് സൂം ജീവനക്കാരെ തിരികെ വിളിക്കുന്നത്.
പെട്ടെന്നുള്ള ഓഫീസ് ജീവിതത്തിലേക്കുള്ള വരവ് ജോലിക്കാരെ ബാധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഹൈബ്രിഡ് ജോലി മോഡലാണ് സൂം പിന്തുടരുന്നത്. ഇതനുസരിച്ച് ആഴ്ചയിൽ രണ്ട് ദിവസം മാത്രം ജീവനക്കാർ ഓഫീസിൽ വന്നാൽ മതി. അതായത് മാസത്തിൽ എട്ട് ദിവസം. ഇതിനായി ജീവനക്കാർ ഓഫീസിൽ എളുപ്പത്തിൽ എത്താൻ കഴിയുന്ന പരിധിയിൽ താമസിക്കണമെന്ന് സൂം നിർദേശിക്കുന്നുണ്ട്.
കമ്പനിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും നൂതന ആശയങ്ങൾ കൊണ്ടുവരുന്നതിനും ഇത് ഉപകരിക്കുമെന്നാണ് കമ്പനി കണക്ക്കൂട്ടൽ. നിലവിൽ ടെക് ഭീമന്മാരായ ഗൂഗിൾ, ആപ്പിൾ, ടി.സി.എസ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ തൊഴിലാളികളെ പടിപടിയായി ഓഫീസിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഓഫീസിലേക്ക് പൂർണ്ണമായി മടങ്ങുന്നതിലുള്ള പ്രയാസം ലഘൂകരിക്കാൻ ഹൈബ്രിഡ് മോഡലാണ് കമ്പനികൾ പിന്തുടരുന്നത്.