സശയാസ്പദവും ഐ.ടി നിയമങ്ങള്‍ ലംഘിച്ചതുമായ അക്കൗണ്ടുകള്‍ വാട്ട്സാപ്പ് കൂട്ടത്തോടെ പൂട്ടുന്നു. ഈ വർഷം ജനുവരിയില്‍ മാത്രം രാജ്യത്ത് ഒരുകോടി അക്കൗണ്ടുകളാണ് നിരോധിച്ചത്.
ഇതില്‍ 13 ലക്ഷം അക്കൗണ്ടുകള്‍ ഉപഭോക്താക്കളുടെ പരാതി ഇല്ലാതെ വാട്ട്സാപ്പ് സ്വയം തിരിച്ചറിഞ്ഞ് നിരോധിച്ചതാണ്. ആദ്യമായാണ് ഇത്രയധികം അക്കൗണ്ടുകള്‍ ഒരുമാസത്തിനുള്ളില്‍ നിരോധിക്കുന്നത്. 9400 ലേറെ പരാതികളും ജനുവരിയില്‍ ലഭിച്ചു. അക്കൗണ്ട് രജിസ്ട്രർ ചെയ്യുമ്ബോള്‍ മുതല്‍ ഇത് വ്യാജനാണോ എന്ന് വാട്‌സാപ്പ് നിരീക്ഷിക്കും.മെസേജുകളുടെ രീതിയും ശ്രദ്ധിക്കും. ഒരാള്‍ കുറേയേറെ സന്ദേശങ്ങള്‍ അയയ്ക്കുന്നതും(ബള്‍ക്ക് മെസേജിംഗ്), ഒരേ സന്ദേശം ഒന്നിലധികം പേർക്ക് അയയ്ക്കുന്നതും (ബ്രോഡ്കാസ്റ്റ് മെസേജിംഗ്), ഒരേ പാറ്റേണില്‍ ഒന്നിലധികം പേർക്ക് സന്ദേശമയയ്ക്കുന്നതും അക്കൗണ്ട് നിരോധിക്കുന്നതിന് കാരണമാകും.
ക്രിസ്മസ്, ഓണം പോലുള്ള ഉത്സവകാലങ്ങളില്‍ അയയ്ക്കുന്ന ആശംസാ സന്ദേശങ്ങള്‍ പോലും ബള്‍ക്ക് മെസേജിംഗില്‍ ഉള്‍പ്പെട്ടേക്കും. വ്യക്തിഹത്യ, ലൈംഗിക പരാമർശങ്ങള്‍, ആള്‍മാറാട്ടം എന്നിവയ്ക്കും പിടിവീഴും. വ്യാജ ലിങ്കുകള്‍ തുറന്ന് സ്വയം പണി വാങ്ങുന്നവരുമുണ്ട്. ഒരുപാട് കോണ്‍ടാക്ടുകള്‍ ഫോണില്‍ സൂക്ഷിക്കുന്നവരുടെ അക്കൗണ്ടിന് പൂട്ട് വീഴാൻ സാദ്ധ്യത കൂടുതലാണ്. വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുന്നവരും വാട്ട്സാപ്പ് നിരീക്ഷണത്തിലാണ്.