എക്‌സിനെ ഒരു ഡേറ്റിങ് ആപ്പ് ആക്കി മാറ്റുമെന്ന് മസ്‌ക്

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിനെ ആകെ മാറ്റാനാണ് കമ്പനി ഉടമ ഇലോൺ മസ്‌കിന്റെ പദ്ധതി. എല്ലാം ലഭിക്കുന്ന ഒരിടം എന്ന നിലയിൽ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് മസ്‌കിന്റെ പദ്ധതി. ദൈർഘ്യമേറിയ പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കാനുള്ള സൗകര്യം ഇതിനകം എക്സിൽ ലഭ്യമാണ്. വീഡിയോകോളിങ്, വോയ്സ് കോളിങ്, പേമെന്റ്, ജോബ് സെർച്ച് തുടങ്ങിയ ഫീച്ചറുകൾ താമസിയാതെ എത്തുകയും ചെയ്യും.

എന്നാൽ എക്സിനെ ഒരു ഡേറ്റിങ് ആപ്പ് ആക്കി മാറ്റാനുള്ള പദ്ധതിയും മസ്‌കിനുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൗഹൃദവും പ്രണയവും താൽപര്യപ്പെടുന്ന ആളുകൾക്ക് പരസ്പരം കണ്ടുമുട്ടുന്നതിനും പരിചയപ്പെടുന്നതിനുമുള്ള സൗകര്യമാവും ഇത്.

എക്സിൽ ഡേറ്റിങ് ഫീച്ചർ അവതരിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞയാഴ്ച നടന്ന കമ്പനിയുടെ ഇന്റേണൽ മീറ്റിങിൽ മസ്‌ക് പങ്കുവെച്ചുവെന്നാണ് ദി വെർജ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. ലിങ്ക്ഡ് ഇൻ, യൂട്യൂബ്, ഫേസ് ടൈം, ഡേറ്റിങ് ആപ്പുകൾ ഉൾപ്പടെയുള്ളവയോട് എങ്ങനെ മത്സരിക്കാമെന്നാണ് മസ്‌ക് യോഗത്തിൽ വിശദീകരിച്ചത്. ഡേറ്റിങിനുള്ള സാഹചര്യം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത്. എങ്ങനെയാണ് താൽപര്യമുണർത്തുന്ന ആളുകളെ കണ്ടെത്തുക. അത് വലിയ പ്രയാസമാണ്. മസ്‌ക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *