ചന്ദ്രനെ തൊട്ട ഇന്ത്യ ഇനി കടലിന്റെ അടിത്തട്ടിലേക്ക്. അമൂല്യ ധാതുശേഖരമാണ് ലക്ഷ്യം. മൂന്നു പേരുമായി അടുത്തവർഷം ആദ്യം മത്സ്യ- 6000 പേടകം ബംഗാൾ ഉൾക്കടലിൽ ഊളിയിടും. ചെന്നൈ പുറംകടലിൽ നിന്നാണ് സാഹസിക യാത്ര. സമുദ്രയാൻ എന്നാണ്ദൗത്യത്തിന്റെ പേര്. 6000 മീറ്റർ ആഴമാണ് ലക്ഷ്യമെങ്കിലും ആദ്യയാത്ര 600 മീറ്റർ വരെ മാത്രമാണ്. ആളില്ലാ പേടകം 2021 ഒക്ടോബറിൽ 600 മീറ്റർ വിജയകരമായി സഞ്ചരിച്ചിരുന്നു. 2026ൽ 6000 മീറ്റർ അടിത്തട്ടിൽ ഗവേഷകർ എത്തും.
2018ൽ രൂപം നൽകിയതാണ് സമുദ്രയാൻ പദ്ധതി. ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജിയാണ് അമരക്കാർ. ബഹിരാകാശ യാത്രയിൽ താപത്തെ അതീജീവിക്കുന്ന റോക്കറ്റ് നിർമ്മിക്കുന്ന ഐ.എസ്.ആർ.ഒയാണ് സമുദ്രാന്തർ ഭാഗത്ത് ജലത്തിന്റെ അതിസമ്മർദ്ദത്തെ അതിജീവിക്കുന്ന പേടകവും നിർമ്മിച്ചത്. രണ്ട് ഗവേഷകരും ഒരു ഓപ്പറേറ്ററുമാണ് ചെന്നൈയിൽ നിന്ന് പുറപ്പെടുന്നത്. ഭൗമശാസ്ത്ര വകുപ്പ് മന്ത്രി കിരൺ റിജിജു ഇന്നലെ പേടകത്തിൽ കയറി ദൗത്യം വിലയിരുത്തി.റഷ്യ, അമേരിക്ക, ഫ്രാൻസ്, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളാണ് സമുദ്രാടിത്തട്ടിലെ ഗവേഷണത്തിനായി മുമ്പ് മനുഷ്യരെ കയറ്റാവുന്ന പേടകങ്ങൾ നിർമ്മിച്ചിട്ടുള്ളത്. മത്സ്യയുടെ നിർമ്മാണം പൂർണമായും തദ്ദേശീയമാണ്.