ഇന്ത്യയിലെ എ.ഐ. രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഗൂഗിളും എന്‍വിഡിയയും

ഇന്ത്യയിലെ എ.ഐ. രംഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ആഗോള ടെക് ഭീമന്മാരായ ഗൂഗിളും എന്‍വിഡിയയും. യു.എസ്. സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ തീരുമാനം. നേരിട്ട് കാണുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍മിതബുദ്ധിയേയും അതിന്റെ സാധ്യതകളേയും അതിൽ ഇന്ത്യക്കുള്ള അവസരത്തെയും കുറിച്ച് അന്വേഷിക്കാറുണ്ടെന്ന് എന്‍വിഡിയ സി.ഇ.ഒ. ജെന്‍സന്‍ ഹ്വാങ് പറഞ്ഞു.

ലോകത്തെ ഏറ്റവും മികച്ച കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരുള്ള രാജ്യമായ ഇന്ത്യ, മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സമ്പദ്വ്യവസ്ഥ കൂടിയാണ്. എല്ലാ പുതുതലമുറ സ്റ്റാര്‍ട്ടപ്പുകളും എ.ഐ.യില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ പറഞ്ഞത്, ഡിജിറ്റല്‍ ഇന്ത്യ എന്ന കാഴ്ചപ്പാടോടെ ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നാണ്. ഇന്ത്യയില്‍ നിക്ഷേപിക്കുന്നകാര്യം പരിഗണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്നും അതേക്കുറിച്ച് ആലോചിക്കുകയാണെന്നും പിച്ചൈ പറഞ്ഞു.

യു.എസ്. ആസ്ഥാനമായുള്ള കമ്പനികളുടെ സി.ഇ.ഒ.മാരുമായി ലോട്ടെ ന്യൂയോര്‍ക്ക് പാലസ് ഹോട്ടലില്‍ വെച്ച് സെപ്റ്റംബർ 22 ഞയറാഴ്ചയായിരുന്നു മോദിയുടെ കൂടിക്കാഴ്ച. എ.ഐ., ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 15 വന്‍ കമ്പനികളുടെ സി.ഇ.ഒ.മാരുമായി അദ്ദേഹം ചർച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *