ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത് ആന്‍ഡ്രോയിഡ് ഫോണുകളാണ്. അതിനുള്ള പ്രധാന കാരണം അവയുടെ വില തന്നെയാണ്. സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ലഭ്യമാവുന്ന സ്മാര്‍ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ താമസിയാതെ ഈ നിലയില്‍ മാറ്റം വരുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന മുന്നറിയിപ്പ്. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ഉത്തരവ് രാജ്യത്തെ ആന്‍ഡ്രോയിഡ് ഫോണുകളുടെ വില വര്‍ധിക്കുന്നതിന് കാരണമാവുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ വര്‍ഷം രണ്ട് വ്യത്യസ്ത ഉത്തരവുകളിലായി 2273 കോടി രൂപയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഗൂഗിളിന് പിഴ വിധിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് മൊബൈല്‍ പ്ലാറ്റ്‌ഫോമിലെ മേധാവിത്വം കമ്പനി ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചാണ് 1337 കോടി രൂപ പിഴ വിധിച്ചത്. ഇതിന് പുറമെ പ്ലേ സ്റ്റോറിലൂടെ തങ്ങളുടെ മേധാവിത്വം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് 936 കോടി രൂപയും പിഴ വിധിച്ചു. സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളുമായി ഏകപക്ഷീയമായ കരാറുണ്ടാക്കുന്നുവെന്നും ഗൂഗിളിന്റെ ആപ്പുകള്‍ക്ക് ആന്‍ഡ്രോയിഡ് മേധാവിത്വം നല്‍കാന്‍ ശ്രമിക്കുന്നുവെന്നും കോമ്പറ്റീഷന്‍ കമ്മീഷന്‍ ആരോപിക്കുന്നു.
വിലവര്‍ധനയും, സുരക്ഷയും സംബന്ധിച്ച ഗൂഗിളിന്റെ മുന്നറിയിപ്പ്
രാജ്യത്തെ ഡിജിറ്റല്‍ വത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് കോമ്പറ്റീഷന്‍ കമ്മീഷന്റെ ഉത്തരവുകളെന്ന് ഗൂഗിള്‍ പങ്കുവെച്ച ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
2008 ല്‍ ആന്‍ഡ്രോയിഡ് ആദ്യമായി അവതരിപ്പിക്കുമ്പോള്‍ സ്മാര്‍ട്‌ഫോണുകള്‍ വളരെ ചെലവേറിയതായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുറഞ്ഞ ചിലവിലുള്ള സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിക്കാന്‍ ഗൂഗിള്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് അവസരമൊരുക്കി.
ഫോര്‍ക്ക്‌സ് (Forks) എന്നറിയപ്പെടുന്ന ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ നിലവില്‍ വന്നാല്‍ അത് കഴിഞ്ഞ 15 വര്‍ഷക്കാലമായി ഡെവലപ്പര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെട്ടിരുന്ന ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ സ്ഥിരതയ്ക്കും പ്രവചനാത്മകതയ്ക്കും അത് ദോഷം ചെയ്യും. ഗൂഗിൾ പറയുന്നു.