
മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ പുണെയിലെത്തിച്ചു; ഇവരെ വൈദ്യപരിശോധനക്ക് വിധേയരാക്കും
മലപ്പുറം താനൂരിൽനിന്ന് കാണാതാകുകയും മണിക്കൂറുകൾക്ക് ശേഷം മുംബൈ-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കണ്ടെത്തുകയും ചെയ്ത രണ്ടു പെൺകുട്ടികളെയും പുണെയിലെത്തിച്ചു. ഇവരെ വൈദ്യപരിശോധനക്ക് വിധേയരാക്കും. തുടർന്ന് താത്ക്കാലികമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയും ചെയ്യും. ലോനാവാലയിൽനിന്ന് പുലർച്ചെ റെയിൽവേ പോലീസാണ് പെൺകുട്ടികളെ കണ്ടെത്തിയത്. തുടർന്ന് ആർ.പി.എഫിന്‍റെ സംരക്ഷണയിലാക്കുകയായിരുന്നു. ആദ്യം ഇവർ പോലീസിനോട് സഹകരിച്ചിരുന്നില്ല. പിന്നീട് ഇവർ ട്രെയിനിൽനിന്ന് ഇറങ്ങാൻ സമ്മതിക്കുകയായിരുന്നു. ഇവരെ തിരിച്ചെത്തിക്കാൻ കേരള പോലീസ് പുറപ്പെട്ടിട്ടുണ്ട്. രാത്രിയോടെ തിരിച്ചെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.