ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷയുമായി ബഹ്റൈൻ ഇന്ന് ജീവന്മരണ പോരാട്ടത്തിനിറങ്ങുന്നു. ഇന്തോനേഷ്യക്കെതിരെ അവരുടെ തട്ടകമായ ജക്കാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് പ്രാദേശിക സമയം 4.45നാണ് മത്സരം. ജയം അനിവാര്യമായ മത്സരം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. ജപ്പാനോടേറ്റ തോൽവിയോടെ ടീം ഗ്രൂപ് സിയിൽ ആറ് പോയന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.
സമാന പോയന്റുമായി നാലാം സ്ഥാനത്ത് തുടരുന്ന ഇന്തോനേഷ്യക്കും ജയം അനിവാര്യമാണ്. ഹോം മാച്ചെന്ന പരിഗണനയാണ് അവർക്കുള്ള ബലം. മൂന്ന് പോയന്റ് നേടുക എന്നത് മാത്രമാണ് ഇരുവർക്കും മുന്നിലുള്ള ഏകമാർഗം. അല്ലാത്തപക്ഷം പ്രതീക്ഷകൾക്ക് മങ്ങലേൽക്കും. ജപ്പാനെതിരെ ടീം പ്രതിരോധനിരയിലുണ്ടായ കുറവുകളെ പരിഹരിച്ചാകും ബഹ്റൈൻ പരിശീലകൻ ഡ്രാഗൻ തലാജിക് ടീമൊരുക്കുക.
ഇന്തോനേഷ്യയുടെ കാലാവസ്ഥയെ പരിചയപ്പെടാൻ നാല് ദിവസം മുമ്പേ ടീം അവിടെയെത്തിയിരുന്നു. ഓസ്ട്രേലിയയോട് സിഡ്നിയിലേറ്റ 5-1 ന്റെ പരാജയം മറികടക്കുക എന്നതാവും ഇന്തോനേഷ്യയുടെ ലക്ഷ്യം. ഗ്രൂപ് സിയിൽ ബഹ്റൈനെതിരെയുള്ള ജയത്തോടെ 19 പോയന്റുമായി ഒന്നാം സ്ഥാനത്തെത്തിയ ജപ്പാൻ മാത്രമാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയത്.
പത്ത് പോയന്റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും ഒമ്പത് പോയന്റുമായി സൗദി അറേബ്യ മൂന്നാം സ്ഥാനത്തും തുടരുകയാണ്. ഓരോ ഗ്രൂപ്പിൽനിന്ന് ആദ്യ രണ്ട് സ്ഥാനക്കാർക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. മൂന്നും നാലും സ്ഥാനക്കാർ യോഗ്യതാ മത്സരത്തിന്റെ നാലാം റൗണ്ടിലേക്ക് പരിഗണിക്കപ്പെടും.
ഇന്നത്തെ മത്സരത്തിനുശേഷം ബഹ്റൈൻ ജൂൺ അഞ്ചിന് സൗദിക്കെതിരെ സ്വന്തം തട്ടകത്തിലും തൊട്ടടുത്ത ആഴ്ച ജൂൺ പത്തിന് ചൈനയെ അവരുടെ ഹോം ഗ്രൗണ്ടിലും നേരിടും. യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ ആകെ മൂന്ന് ഗ്രൂപ്പുകളാണുള്ളത്. ഇറാൻ, ഖത്തർ, ഉസ്ബകിസ്താൻ, യു.എ.ഇ, കിർഗിസ്താൻ, ഉത്തര കൊറിയ തുടങ്ങിയവർ ഗ്രൂപ് എയിലും ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ, കുവൈത്ത് എന്നീ ടീമുകൾ ഗ്രൂപ് ബിയിലും ഉൾപ്പെടുന്നു.