ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കഷ്ടകാലം തുടരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മുംബൈയോട് ഏഴുവിക്കറ്റിന്റെ കനത്ത പരാജയമാണ് ഹൈദരാബാദിന് നേരിടേണ്ടി വന്നത്. ഹൈദരാബാദ് ഉയർത്തിയ 143 റൺസ് വിജയ ലക്ഷ്യം മുംബൈ 15.4 ഓവറിൽ മറികടക്കുകയായിരുന്നു. മുംബൈക്കായി തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത് ശർമ മികച്ച പ്രകടനമാണ് പുറത്തെടുത്തത് (46 പന്തിൽ 70). വിജയത്തോടെ 9 മത്സരങ്ങളിൽ നിന്നും 10 പോയന്റും മികച്ച റൺറേറ്റുമായി മുംബൈ മൂന്നാംസ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളിൽ നിന്നും നാല് പോയന്റ് മാത്രമുള്ള ഹൈദരാബാദ് ഒൻപതാം സ്ഥാനത്താണ്.
മത്സരത്തിൽ തകർച്ചയോടെയാണ് ഹൈദരാബാദ് ബാറ്റിങ് തുടങ്ങിയത്. സ്‌കോർ രണ്ടിൽ നി?ൽക്കേ റൺസൊന്നുമെടുക്കാതെ ഹെഡ് പുറത്തായി. തൊട്ടുപിന്നാലെ ഇഷാൻ കിഷൻ(1), അഭിഷേക് ശർമ (8), നിതീഷ് റെഡ്ഡി (2), അനികേത് വർമ (12) എന്നിവരും മടങ്ങി. ഇതോടെ 35ന് അഞ്ച് എന്ന നിലയിൽ പരുങ്ങിയ ഹൈദരാബാദിനെ 44 പന്തിൽ നിന്നും 71 റൺസുമായി ഹെന്റിച്ച് ക്ലാസൻ എടുത്തുയർത്തുകയായിരുന്നു. 37 പന്തിൽ 43 റൺസുമായി അനികേത് വർമ ഉറച്ച പിന്തുണനൽകി. മുംബൈക്കായി ട്രെന്റ് ബോൾട്ട് 26 റൺസ് വഴങ്ങി നാല് വിക്കറ്റുകളെടുത്തു. നാലോവറിൽ 12 റൺസ് മാത്രം വഴങ്ങിയ ദീപക് ചഹാർ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് റ്യാൻ റിക്കൽട്ടണെ (11) പെട്ടെന്ന് നഷ്ടമായെങ്കിലും ഒരറ്റത്ത് രോഹിത് സ്വതസിദ്ധമായ ശൈലിയിൽ അടിച്ചുതകർത്തു. പിന്നീടെത്തിയ വിൽജാക്‌സും (19 പന്തിൽ 22), സൂര്യകുമാർ യാദവും (19 പന്തിൽ 40) മുംബൈ ജയം എളുപ്പമാക്കി.