സ്വന്തം തട്ടകത്തിൽ റയലിനെ വീഴ്ത്തി ബാഴ്‌സ

സ്വന്തം മണ്ണിൽ റയല്‍ മാഡ്രിഡിനെ മുട്ടുക്കുത്തിച്ച് ബാഴ്‌സലോണ. റയല്‍ മാഡ്രിഡിനെ അവരുടെ മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യുവിൽ വച്ചാണ് ബാഴ്‌സലോണ തകർത്തത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ നേടിയാണ് സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ബാഴ്‌സ അവിസ്മരണീയമാക്കിയത്. 42 മത്സരങ്ങള്‍ തോല്‍വിയറിയാതെയായിരുന്നു റയലിന്റെ കുതിപ്പ്. ആ കുതിപ്പിനാണ് ബാഴ്‌സ വിരാമമിട്ടത്. 2017 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 43 മത്സരങ്ങള്‍ പരാജയമറിയാതെ കളിച്ച തങ്ങളുടെ റെക്കോഡ് തകരാതെ സൂക്ഷിക്കാനും ബാഴ്‌സയ്ക്കു കഴിഞ്ഞു. ലാ ലിഗ സീസണില്‍ റയലിന്റെ ആദ്യ തോല്‍വിയാണിത്.

ഇരട്ട ഗോളുകളുമായി തിളങ്ങിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും മാഡ്രിഡില്‍ വരവറിയിച്ച കൗമാരക്കാരന്‍ ലമിന്‍ യമാലും റാഫീന്യയും ചേര്‍ന്നാണ് ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. മികച്ച അവസരങ്ങള്‍ ബാഴ്‌സ നഷ്ടമാക്കിയതാണ് ഗോള്‍ എണ്ണം നാലില്‍ നിന്നത്.

റയലിന്റെ കളിമനസിലാക്കിയ ആദ്യ പകുതിക്കുശേഷം 54-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയിലൂടെയാണ് ബാഴ്‌സ ആദ്യം വലക്കുലുക്കിയത്. സെന്റര്‍ സര്‍ക്കിളില്‍ നിന്ന് റയല്‍ പ്രതിരോധം തകർത്ത് കസാഡോ നീട്ടിയ പന്തെടുത്ത് ലെവന്‍ഡോവ്‌സ്‌കി ​ഗോൾ നേടി.

രണ്ടു മിനിറ്റിനുള്ളില്‍ അടുത്ത ​ഗോളും എത്തി. ബാല്‍ഡെയുടെ അളന്നുമുറിച്ച ക്രോസ്, റയല്‍ ഗോള്‍കീപ്പര്‍ ലുനിനിന് യാതൊരു അവസരവും നല്‍കാതെ ലെവന്‍ഡോവ്‌സ്‌കി വലയിലെത്തിക്കുമ്പോള്‍ റയല്‍ പ്രതിരോധം കാഴ്ചക്കാരായിരുന്നു.

ഇതിനിടെ റയലിന്റെ ഗോളവസരങ്ങള്‍ ബാഴ്‌സ ഗോള്‍കീപ്പര്‍ ഇനാകി പെന തടുത്തിടുകയും ചെയ്തതോടെ സ്വന്തം മൈതാനത്ത് റയല്‍ താരങ്ങള്‍ വിറക്കാൻ തുടങ്ങി. കസാഡോയ്ക്ക് പകരം ഡാനി ഓല്‍മോ എത്തിയതോടെ മധ്യനിരയില്‍ ബാഴ്‌സയുടെ നീക്കങ്ങള്‍ക്ക് വേഗം കൂടി. മറുവശത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടും റയലിന് കാര്യമായൊന്നും ചെയ്യാനായില്ല. ഇതിനിടെ രണ്ട് മികച്ച അവസരങ്ങള്‍ ലെവന്‍ഡോവ്‌സ്‌കിക്ക് നഷ്ടമാകുകയും ചെയ്തു.

പിന്നാലെ 77-ാം മിനിറ്റില്‍ ബെര്‍ണബ്യുവില്‍ 17-കാരന്‍ ലമിന്‍ യമാല്‍ തന്റെ കാലൊപ്പ് ചാര്‍ത്തി. റഫീന്യ നല്‍കിയ പന്ത് താരം അനായാസ് വലയിലാക്കുകയായിരുന്നു. എല്‍ ക്ലാസിക്കോയില്‍ താരത്തിന്റെ ആദ്യ ഗോള്‍. 84-ാം മിനിറ്റില്‍ റഫീന്യയും ഗോള്‍പട്ടികയില്‍ പേരുചേര്‍ത്തു. സ്വന്തം ഹാഫില്‍ നിന്ന് ഇനിഗോ മാര്‍ട്ടിനസ് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച് ഓടിക്കയറിയ റഫീന്യയെ തടയാന്‍ റയല്‍ പ്രതിരോധനിരക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. പന്ത് ലുനിന്റെ തലയ്ക്ക് മുകളിലൂടെ അനായാസം ചിപ് ചെയ്ത് താരം വലയിലാക്കിയതോടെ ബെര്‍ണബ്യുവില്‍ ബാഴ്‌സയുടെ ഗോള്‍നേട്ടം നാലായി. ജയത്തോടെ 11 കളികളില്‍നിന്ന് 10 വിജയങ്ങളടക്കം 30 പോയിന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *