ഐപിഎല്ലിൽ സ്വന്തം തട്ടകത്തിൽ പഞ്ചാബ് കിങ്സിനോട് തോറ്റ് ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫിൽ നിന്ന് പുറത്ത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് 19.2 ഓവറിൽ 190 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഐപിഎൽ സീസണിൽ നിന്ന് പുറത്തായ ആദ്യ ടീമായി ചെന്നൈ സൂപ്പർ കിങ്‌സ്.ഇതാദ്യമായാണ് ചെപ്പോക്കിൽ ചെന്നൈ 5 മത്സരങ്ങൾ തുടർച്ചയായി തോൽക്കുന്നത്. 41 പന്തിൽ 72 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ ഇന്നിങ്സും പ്രഭ്‌സിമ്രാൻ സിങ്ങിന്റെ അർധ സെഞ്ച്വറിയുമാണ് (36 പന്തിൽ 54) പഞ്ചാബിന് ജയം അനായാസമാക്കിയത്. പ്രിയാൻഷ് ആര്യയും ശശാങ്ക് സിങ്ങും 23 റൺസ് വീതവും നേടി. അവസാന നിമിഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് പഞ്ചാബിന്റെ സ്‌കോറിങ് വേഗം കുറച്ചിരുന്നു.
സ്‌കോർ 44-ൽ നിൽക്കേ ഓപ്പണർ പ്രിയാംശ് ആര്യയെ (15 പന്തിൽ 23) ആണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. തുടർന്ന് പ്രഭ്‌സിമ്രാനും അയ്യരും ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. തുടർന്ന് നഹാൽ വധേര (5), ശശാങ്ക് സിങ് (12 പന്തിൽ 23), സൂര്യാംശ് ഷെദ്‌ഗെ (1) എന്നിവരും പുറത്തായി. ഇതിനിടെ ശ്രേയസ് അയ്യർ ഒരറ്റത്ത് തകർപ്പനടികളുമായി മുന്നോട്ടുപോയി. 40 പന്തിൽ നാല് സിക്‌സും അഞ്ച് ഫോറും സഹിതമാണ് അയ്യരുടെ ഇന്നിങ്‌സ്. അവസാന ഓവറിൽ ജയിക്കാൻ മൂന്ന് റൺസ് മാത്രം ബാക്കിയിരിക്കേ ശ്രേയസിനെ മതീഷ പതിരണ പുറത്താക്കി. ജോഷ് ഇംഗ്ലിസും (6) മാർക്കോ യാൻസനും (4) ആണ് പഞ്ചാബിനെ അവസാന ഓവറുകളിൽ വിജയത്തിലെത്തിച്ചത്.
ആദ്യം ബാറ്റുചെയ്ത് ചെന്നൈയിലെ ടോപ് സ്‌കോറർ 47 പന്തിൽ നാല് ഫോറും എട്ട് സിക്സറും സഹിതം 88 റൺസെടുത്ത സാം കറണാണ്. വൻ സ്‌കോർ ലക്ഷ്യമിട്ട ചെന്നൈക്ക് യുസ്വേന്ദ്ര ചെഹലിന്റെ ഹാട്രിക്കാണ് തിരിച്ചടിയായത്. ചെഹൽ മൂന്നോവറിൽ 32 റൺസ് വിട്ടുനൽകി നാലുവിക്കറ്റെടുത്തു. 19ആം ഓവറിലെ രണ്ടാം പന്തിൽ എംഎസ് ധോനിയെ (11) പുറത്താക്കിയ ചഹൽ, നാലാം പന്തിൽ ദീപക് ഹൂഡയേയും (2), അഞ്ചാം പന്തിൽ അൻഷുൽ കാംബോജിനേയും (0), ആറാം പന്തിൽ നൂർ അഹമ്മദിനെയും (0) പുറത്താക്കിയാണ് ഹാട്രിക് തികച്ചത്.