ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ( ആര്‍സിബി) ക്യാപ്റ്റന്‍ രജത് പടിദാറിന് 12 ലക്ഷം രൂപ പിഴ. ടീമിന്റെ സ്ലോ ഓവര്‍ റേറ്റ് ആണ് പടിദാറിന് പിഴ വിധിക്കാന്‍ കാരണം.
ആര്‍സിബിയുടെ ഈ സീസണിലെ ആദ്യ വീഴ്ചയാണ്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് ആര്‍സിബിയുടെ ക്യാപ്റ്റനെതിരായ നടപടി. ഐപിഎല്‍ മത്സരത്തില്‍ ആര്‍സിബി 12 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. 32 പന്തില്‍ 64 റണ്‍സ് നേടിയ പടിദാറാണ് ആര്‍സിബി കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയത്.
മത്സരത്തില്‍ ആര്‍സിബി അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബംഗളൂരു. ഏപ്രില്‍ 10 ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സീസണിലെ അഞ്ചാം മത്സരത്തില്‍ ആര്‍സിബി ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.