സ്പാനിഷ് ഫുട്ബോൾ താരം ലാമിന്‍ യമാലിന്‍റെ പിതാവ് കുത്തേറ്റ് ആശുപത്രിയില്‍

സ്പാനിഷ് യുവ ഫുട്ബോൾ താരം ലാമിന്‍ യമാലിന്‍റെ പിതാവ് മൗനിര്‍ നസ്റോയിക്ക് അക്രമിയുടെ കുത്തറ്റു. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വളര്‍ത്തു നായയുമായി മടാറോവിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുകൂടെ നടക്കുന്നതിനിടെ അപരിചിതരായ വ്യക്തികളുമായി യമാലിന്‍റെ പിതാവ് വാക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന് പിന്നാലെയാണ് മൗനിര്‍ നസ്റോയ് ആക്രമിക്കപ്പെട്ടത്.

ഗുരുതര പരുക്കോടെയാണ് അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. യമാലിന്‍റെ പിതാവ് ഇപ്പോൾ അപകടനില തരണം ചെയ്തതായും ആശുപത്രി വിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് കറ്റാലന്‍ പൊലിസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അതേസമയെ സംഭവത്തില്‍ ഏതാനും പേരെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.

ബാഴ്സലോണയില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള നഗരമാണ് മടാറോ. ഇവിടെയാണ് യമാല്‍ ജനിച്ചതും വളര്‍ന്നതും. യമാലിന്‍റെ മുത്തച്ഛനും മുത്തശ്ശിയും ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ട്. 15-ാം വയസില്‍ ബാഴ്സലോണ കുപ്പായത്തില്‍ അരങ്ങേറിയ യമാല്‍ കഴിഞ്ഞ മാസം നടന്ന യൂറോ കപ്പില്‍ സ്പെയിനിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *