സീസണിൽ ഇങ്ങനെ തുടങ്ങാനല്ല ആഗ്രഹിച്ചത്! ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിയില്‍ പ്രതികരണവുമായി സ്റ്റാറേ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം അവസാനിച്ചത് പരാജയത്തിലാണ്. പഞ്ചാബ് എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോൽവിക്ക് വഴങ്ങിയത്. പഞ്ചാബ് മൂന്ന് പോയിന്റ് സ്വന്തമാക്കുന്നത് ഇഞ്ചുറി സമയത്തെ ഗോളിലാണ്. ലൂക്ക് മാജ്സെന്‍, ഫിലിപ്പ് എന്നിവരാണ് പഞ്ചാബിനായി വല കുലിക്കിയത്. അതേസമയം, ജിസസ് ജിമിനസാണ് ബ്ലാസ്റ്റേഴ്സിന്റെ ഏകഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പരിശീലകൻ മൈക്കല്‍ സ്റ്റാറേ.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ മൈക്കല്‍ സ്റ്റാറേ ഒട്ടും ഹാപ്പിയല്ല. ആദ്യ മത്സരത്തിലെ തോല്‍വി ഒട്ടും പ്രതീക്ഷിച്ചതല്ലെന്നും കടുത്ത നിരാശയുണ്ടെന്നും സ്റ്റാറേ പറഞ്ഞു. വീഴ്ചയില്‍ നിന്ന് പാഠം പഠിക്കും. രണ്ടാംപകുതിയില്‍ ടീം നന്നായി കളിച്ചു. മറുപടി ഗോള്‍ നേടിയപ്പോള്‍ സമനിലയെങ്കിലും പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. നായകന്‍ അഡ്രിയന്‍ ലൂണയ്ക്ക് പരിക്കില്ലെന്നും അടുത്ത മത്സരത്തില്‍ ടീമില്‍ പ്രതീക്ഷിക്കാ‌മെന്നും സ്റ്റാറെ കൂട്ടിച്ചേർത്തു.

ഗോൾ രഹിത ആദ്യപാതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. 86-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ മാജ്സന്‍ പഞ്ചാബിനെ മുന്നിലെത്തിച്ചു. ലിയോണ്‍ അഗസ്റ്റിനെ വീഴ്ത്തിയനതിനാണ് പഞ്ചാബിന് പെനാല്‍റ്റി ലഭിക്കുന്നത്. മത്സരം പഞ്ചാബ് സ്വന്തമാക്കുമെന്ന് കരുതിയിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് ജിസസിന്റെ വക സമനില ഗോള്‍ വരുന്നത്. ഇഞ്ചുറി സമയത്തായിരുന്നു സമനില. പിന്നീട് പഞ്ചാബും വിട്ടുകൊടുക്കാൻ തയാറായില്ല. 95ആം മിനുട്ടില്‍ ഫിലിപ്പിലൂടെ പഞ്ചാബിന്റെ വിജയഗോള്‍. അഡ്രിയാന്‍ ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ കാണാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *