വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, വിരമിക്കുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ വന്നു പ്രഖ്യാപിക്കും; വാർത്തകൾ നിഷേധിച്ച് മേരി കോം

ബോക്‌സിങ്ങിൽനിന്ന് താൻ വിരമിക്കുന്നതായി പുറത്തുവന്ന വാർത്തകളിൽ വിശദീകരണവുമായി ബോക്‌സിങ് ഇതിഹാസം മേരികോം. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും വിരമിക്കുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ വന്നു പ്രഖ്യാപിക്കുമെന്നും മേരി കോം പ്രസ്താവനയിൽ അറിയിച്ചു. മേരി കോം ബോക്‌സിങ്ങിൽനിന്ന് വിരമിക്കുന്നതായി വാർത്താ ഏജൻസികളും ദേശീയ മാധ്യമങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ജനുവരി 24-ന് ദിബ്രുഗഢിലെ സ്‌കൂളിൽ നടന്ന മോട്ടിവേഷണൽ പരിപാടിയിലായിരുന്നു മേരികോമിന്റെ വിരമിക്കൽ പ്രസ്താവന. എന്നാൽ, ഇത് തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഇപ്പോൾ മേരികോം വിശദീകരിക്കുന്നത്. ഇപ്പോഴും സ്‌പോർട്‌സിലെ ഉയരങ്ങൾ കീഴടക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും എന്നാൽ ഒളിമ്പിക്‌സ് പ്രായപരിധി അതിന് തടസ്സമാകുന്നുണ്ടെന്നും മേരി കോം പറഞ്ഞു. ശാരിരിക ക്ഷമത നിലനിർത്താനാണ് ഇപ്പോഴും ശ്രമിക്കുന്നതെന്നും സ്‌പോർട്‌സിനെ എന്നും കൂടെ ചേർക്കുമെന്നും മേരികോം പ്രസ്താവനയിൽ അറിയിച്ചു.

രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ – വനിതാ ബോക്സർമാർ എലൈറ്റ് മത്സരങ്ങളിൽ 40 വയസ്സ് വരെ മാത്രമേ മത്സരിക്കാൻ പാടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിൽ 41-കാരിയായ മേരികോം വിരമിക്കാൻ തീരുമാനിച്ചതായാണ് വാർത്ത വന്നത്. മേരികോമിൻറെ തന്നെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു ദേശീയ മാധ്യമങ്ങൾ വിരമിക്കൽ വാർത്ത റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *