ലോകകപ്പ് ക്രിക്കറ്റ്; പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയുടെ കുതിപ്പ്, ഇന്ത്യൻ വിജയം 7 വിക്കറ്റിന്.

ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ബദ്ധ വൈരികളായ പാക്കിസ്ഥാനെയാണ് ഇന്ത്യ ലോകകപ്പിൽ വീണ്ടും മുട്ടുകുത്തിച്ചത്. പാക്കിസ്ഥാൻ മുന്നോട്ട് വെച്ച 192 റൺസ് വിജയലക്ഷ്യം രോഹിത് ശർമ്മയുടെ തകർപ്പൻ ഷോട്ടുകളിലൂടെ ഇന്ത്യ അനായാസം മറികടന്നു.

6 ബൗണ്ടറികളും 6 സിക്സറുകളും രോഹിതിൻ്റെ ബാറ്റിൽ നിന്ന് അനായാസം പിറന്നപ്പോൾ പേര് കേട്ട പാക്കിസ്ഥാന്റെ ബൗളിംഗ് നിര വെള്ളം കുടിച്ചു. 192 എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിലും പാക് പട വെല്ലുവിളി ഉയർത്തിയില്ല. 6.4 ഓവറിൽ 50 ഉം, 13.5 ഓവറിൽ 100 പിന്നിട്ട കുതിപ്പിൽ ശുഭ്മാൻ ഗില്ലിനേയും 16 (11), വിരാട് കോലിയേയും 16 ( 18) നഷ്ടപ്പെട്ടെങ്കിലും ഹിറ്റ്മാൻ കുലുങ്ങിയില്ല.

അതേ സമയം വിജയത്തിലേക്ക് 36 റൺസ് വേണ്ടിയിരിക്കേ രോഹിത് ശർമ്മ 86 (63) ഷഹീൻ അഫ്രീദിയുടെ സ്ലോ ബോളിൽ പുറത്തായി. ആറ് വീതം ഫോറും സിക്സറുകളുമാണ് ആ ബാറ്റിൽ നിന്നും പിറന്നത്. പിന്നീട് ശ്രേയസ് അയ്യർക്കൊപ്പം, കെ എൽ രാഹുൽ ചേര്‍ന്നതോടെ കൂടുതൽ വിക്കറ്റ് നഷ്ടമാവാതെ ഇന്ത്യ കാത്തിരുന്ന ജയം സ്വന്തമാക്കി.ശ്രേയസ് അയ്യർ 53റൺസും രാഹുൽ 19റൺസുമെടുത്തു.

പാക്കിസ്ഥാന് വേണ്ടി ഷഹിൻ അഫ്രീദി രണ്ടും, ഹസൻ അലി ഒരു വിക്കറ്റും വീഴ്ത്തി. നേരത്തേ ടോസ് നേടി പാക്കിസ്ഥാനെ ബാറ്റിംഗിനയച്ച ക്യാപ്റ്റൻ്റെ തീരുമാനം പാളിയെന്ന് തോന്നുന്നിടത്തു നിന്നും അവിസ്മരണീയമായ തിരിച്ചു വരവാണ് ടീം ഇന്ത്യ നടത്തിയത്. 30 ഓവറിൽ 155 ന് രണ്ട് എന്ന നിലയിൽ നിന്നും 16 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ അഞ്ച് ബാറ്റർമാർ കൂടാരം കയറിയതോടെ പാക്കിസ്ഥാൻ 171 ന് 7 എന്ന നിലയിലായി. അവസാന എട്ട് വിക്കറ്റുകൾ കേവലം 36 റൺസിലാണ് നിലംപൊത്തിയത്.

രണ്ടാം വരവിൽ പാക് ക്യാപ്റ്റൻ ബാബർ അസത്തെ 50 റൺസിന് പുറത്താക്കി മുഹമ്മദ് സിറാജാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. കുൽദീപ് യാദവിൻ്റെ ഊഴമായിരുന്നു അടുത്തത്. 33-മത്തെ ഓവറിൽ സൗദ് ഷക്കീൽ, ഇഫ്ത്തിക്കർ അഹമ്മദ് എന്നിവരെ പുറത്താക്കി കുൽദീപ് ഇരട്ട പ്രഹരം ഏല്പിച്ചു.തുടർന്ന് രണ്ടാം സ്പെല്ലിനെത്തിയ ജസ്പ്രീത് ബുംമ്രയും ഒട്ടും കുറച്ചില്ല. നിലയുറപ്പിച്ച മുഹമ്മദ് റിസ് വാനെ 49 റൺസിന് ക്ലീൻ ബൗൾഡാക്കി. തൻ്റെ അടുത്ത ഓവറിൽ ഷദാബ് ഖാനേയും ബൗൾഡാക്കി ബുംമ്ര തൻ്റെ ക്ലാസ്സ് തെളിയിച്ചു.

എട്ടാം വിക്കറ്റിൽ പിടിച്ച് നില്ക്കാൻ ശ്രമിച്ച മുഹമ്മദ് നവാസിനെ ഹർദ്ദിക് പാണ്ഡ്യ ബുംമ്രയുടെ കൈകളിലെത്തിച്ചു, സ്കോർ 187/8. ഇതേ സ്കോറിൽ തൊട്ടടുത്ത ഓവറിൽ ഹസൻ അലിയെ 12 റൺസിന് ജഡേജയും പുറത്താക്കി.ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംമ്ര, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.ഈ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *