ട്വന്റി-20 ലോകകപ്പിനുള്ള മുമ്പുള്ള അവസാന ട്വന്റി-20 മത്സരത്തില്‍ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ മലയാളികള്‍ ആകാംക്ഷയിലാണ്. ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുമ്പ് സെലക്ടര്‍മാരില്‍ മതിപ്പുളവാക്കാന്‍ സഞ്ജു അടക്കമുള്ള യുവതാരങ്ങള്‍ക്ക് മികച്ചൊരു പ്രകടനം അനിവാര്യമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ജിതേഷ് ശര്‍മക്ക് അവസരം നല്‍കിയതിനാല്‍ ഇന്നത്തെ മത്സരത്തില്‍ സഞ്ജു ഉറപ്പായും പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മത്സരത്തില്‍ ജയത്തിന് അടുത്ത് ജിതേഷ് പൂജ്യത്തിന് പുറത്തായത് സഞ്ജുവിനെ ഇന്ന് കളിപ്പിക്കാനുള്ള സാധ്യ കൂട്ടുന്നു.
ഇന്ന് അവസരം ലഭിച്ചാല്‍ മികച്ചൊരു പ്രകടനം പുറത്തെടുക്കുകയും ഐപിഎല്ലില്‍ മോശമല്ലാത്തൊരു പ്രകടനം കാഴ്ചവെക്കുകയും ചെയ്താൽ സഞ്ജുവിന് ടി20 ലോകകപ്പ് ടീമിലെത്താം. രണ്ടാം ടി20യില്‍ യശസ്വി ജയ്സ്വാളോ ശിവം ദുബെയോ കളിച്ചതുപോലെ ഒരു ഇംപാക്ട് ഇന്നിംഗ്സാണ് ആരാധകര്‍ സഞ്ജുവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ലോകകപ്പിന് മുമ്പുള്ള അവസാന ടി20 മത്സരമാണിതെങ്കിലും രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ഐപിഎല്ലിലെ പ്രകടനം കൂടി കണക്കിലെടുത്താവും സെലക്ടര്‍മാര്‍ ട്വന്റി-20 ടീമിനെ തെരഞ്ഞെടുക്കുക. എന്നാല്‍ ഐപിഎല്ലില്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം കൂടി സഞ്ജുവിനുണ്ട്.
ഇഷാന് കിഷനില്‍ സെലക്ടര്‍മാര്‍ തല്‍ക്കാലം താല്‍പര്യം പ്രകടിപ്പിക്കാത്തതും റിഷഭ് പന്തിന്‍റെ കളിക്കളത്തിലേക്കുള്ള മടങ്ങിവരവ് താമസിക്കുന്നതും സെലക്ടര്‍മാര്‍ക്ക് മുന്നിലെ സാധ്യതകള്‍ കുറക്കുന്നു. ജിതേഷും സഞ്ജുവും രാഹുലും ടെസ്റ്റ് ടീമിലെത്തിയ ധ്രുവ് ജുറെലുമാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള വിക്കറ്റ് കീപ്പിംഗ് സാധ്യതകള്‍. പരിചയ സമ്പത്തും ഫോമും നോക്കിയാവും ലോകകപ്പ് ടീമിലേക്ക് വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കുക. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കൂടിയായ കെ എല്‍ രാഹുല്‍ ഓപ്പണര്‍ സ്ഥാനത്താണ് കളിക്കുന്നത്. ഇന്ത്യക്ക് നിലവില്‍ ഓപ്പണറെ ആവശ്യമില്ലാത്തതിനാല്‍ മധ്യനിരയില്‍ കളിക്കുന്ന ജിതേഷിനും സഞ്ജുവിനും മുന്‍തൂക്കം കിട്ടുമെന്നാണ് കരുതുന്നത്. അതിന് ഇന്നത്തെ മത്സരം സഞ്ജുവിന സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.