രാജസ്ഥാന് തിരിച്ചടി: ബട്ലർ അടുത്ത മത്സരത്തിനില്ല

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ കൈവിരലിന് പരിക്കേറ്റ ഇംഗ്ലണ്ടിന്റെ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലർക്ക് ഡൽഹി കാപിറ്റൽസിനെതിരായ അടുത്ത മത്സരം നഷ്ടമാകും. ശനിയാഴ്ച ഗുവാഹത്തിയിൽവെച്ച് വൈകീട്ട് 3.30നാണ് മത്സരം. ബട്ലറുടെ ചെറുവിരലിൽ സ്റ്റിച്ചിടേണ്ടി വന്നുവെന്നാണ് രാജസ്ഥാൻ ടീം മാനേജ്മെന്റ് വ്യക്തമാക്കുന്നത്.

പരിക്കിനെ തുടർന്ന് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഓപ്പണറുടെ റോളിൽ ബട്ലറെ കണ്ടില്ല. ആദ്യ വിക്കറ്റ് വീണതിന് ശേഷമാണ് ബട്ലർ ക്രീസിലെത്തിയത്. ആദ്യ മത്സരത്തിൽ തകർപ്പൻ അർധ സെഞ്ച്വറി കണ്ടെത്തിയ ബട്ലർ മികച്ച ഫോമിലായിരുന്നു.

എന്നാൽ രണ്ടാം മത്സരത്തിൽ പതിനൊന്ന് പന്തുകളുടെ ആയുസെ താരത്തിനുണ്ടായുള്ളൂ. ഒരോ വീതം സിക്സറും ബൗണ്ടറിയും പായിച്ച് 19 റൺസാണ് താരം നേടിയത്. മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു രാജസ്ഥാന്റെ തോൽവി. ബട്ലർക്ക് പകരം രവിചന്ദ്ര അശ്വിനാണ് ഓപ്പണറുടെ റോളിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *