രഞ്ജി ട്രോഫി ; കേരളത്തിനെതിരെ മധ്യപ്രദേശ് മികച്ച ലീഡിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഏഴ് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്സില്‍ തിരിച്ചടിക്കുന്നു. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന ശക്തമായ നിലയിലാണ്. 79 റണ്‍സോടെ രജത് പാടിദാറും 12 റണ്‍സോടെ ഹര്‍പ്രീത് സിംഗ് ഭാട്ടിയയും ക്രീസില്‍. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയില്‍ ക്രീസിലറങ്ങിയ മധ്യപ്രദേശിന് മൂന്നാം ദിനം അര്‍ധസെഞ്ചുറി തികച്ച ക്യാപ്റ്റന്‍ ശുഭം ശര്‍മയുടെ(54) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. എന്‍ പി ബേസിലിനാണ് വിക്കറ്റ്.

ഏഴ് വിക്കറ്റ് കൈയിലിരിക്കെ മധ്യപ്രദേശിനിപ്പോള്‍ 187 റണ്‍സിന്‍റെ ലീഡുണ്ട്. മൂന്നാം ദിനം തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി മധ്യപ്രദേശിനെ പ്രതിരോധത്തിലാക്കാമെന്ന കേരളത്തിന്‍റെ പ്രതീക്ഷകള്‍ രജത് പാടീദാറും ശുഭം ശര്‍മയും ചേര്‍ന്ന് തകര്‍ത്തു. അര്‍ധസെഞ്ചുറി പിന്നിട്ട് അധികം കഴിയും മുമ്പെ ശുഭം ശര്‍മയെ വീഴ്ത്തി ബേസില്‍ കൂട്ടുകെട്ട് പൊളിച്ചെങ്കിലും ഹര്‍പ്രീത് സിംഗ് ഭാട്ടിയ രജത് പാടീദാറിന് പിന്തുണയുമായി ക്രീസിലുറച്ചതോടെ കേരളം പ്രതിരോധത്തിലായി. ഇന്നലെ 46 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ശുഭം ശര്‍മ വ്യക്തിഗത സ്കോറിനോട് എട്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്.

ഇന്നലെ, മധ്യപ്രദേശിനിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 160നെതിരെ കേരളം 9 വിക്കറ്റ് നഷ്ടത്തില്‍167 റണ്‍സെടുത്തിരുന്നു. ബാറ്റിംഗിനിടെ പരിക്കേറ്റ് പിന്‍വാങ്ങിയ ബാബ അപരാജിത് കേരളത്തിനായി ബാറ്റിംഗിനിറങ്ങിയില്ല.മധ്യപ്രദേശിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആര്യന്‍ പാണ്ഡെയും ആവേശ് ഖാനും ചേര്‍ന്നാണ് കേരളത്തെ തകര്‍ത്തത്. 36 റണ്‍സെടുത്ത സല്‍മാന്‍ നിസാറായിരുന്നു കേരളത്തിന്‍റെ ടോപ് സ്കോറര്‍.

Leave a Reply

Your email address will not be published. Required fields are marked *