യാനിക് സിന്നറിന് യുഎസ് ഓപ്പണ്‍ കിരീടം; യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരം

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ചൂടി ഇറ്റാലിയൻ താരം യാനിക് സിന്നർ. ഫൈനലിൽ യുഎസിന്റെ ടെയ്‍ലർ ഫ്രിറ്റ്സ‍ിയായിരുന്നു സിന്നറിന്റെ എതിരാളി. യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന നേട്ടവും സിന്നറിന് സ്വന്തം. സ്കോര്‍ 6–3, 6–4, 7–5. 23കാരനായ സിന്നറുടെ രണ്ടാം ഗ്രാൻഡ് സ്‍ലാം കിരീടമാണിത്. ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ സിന്നറിനായിരുന്നു ആധിപത്യം. 6-3 സിന്നർ ആദ്യ സെറ്റ് പിടിച്ചു. എന്നാൽ രണ്ടാം സെറ്റില്‍ ഫ്രിറ്റ്സ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതോടെ മത്സരം കടുത്തു. 3-3 എന്ന നിലയില്‍ നിന്ന് 6-4ന് യാനിക് സിന്നര്‍ കളി പിടിക്കുകയായിരുന്നു.

മൂന്നാം സെറ്റിലും ഒരു ഘട്ടത്തിൽ 1–1 എന്ന നിലയിലായിരുന്നു പോരാട്ടം. പിന്നീട് ഫ്രിറ്റ്സ് 5–3ന് മുന്നിലെത്തുകയും സിന്നർ ശക്തമായി തിരിച്ചടിക്കുകയുമുണ്ടായി. അങ്ങനെ 7-5ന് മൂന്നാം സെറ്റ് പിടിച്ച് സിന്നർ യുഎസ് ഓപ്പണ്‍ സ്വന്തമാക്കി.

സെമിയിൽ ബ്രിട്ടന്റെ ജാക് ഡ്രേപ്പറെ 7–5,7–6 (7–3), 6–2 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് സിന്നര്‍ യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമായത്.

Leave a Reply

Your email address will not be published. Required fields are marked *