മൻമോഹൻ സിങ്ങിന് ആദരവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; മെൽബണിൽ ഗ്രൗണ്ടിലെത്തിയത് കറുത്ത ആം ബാൻഡ് കൈയിൽ കെട്ടി

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ ആദരമർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് കറുത്ത ആം ബാൻഡ് കൈയിൽ കെട്ടിയാണ് കളിക്കാർ ഗ്രൗണ്ടിലെത്തിയത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായാണ് ടീം ഇന്ന് കറുത്ത ബാൻഡ് ധരിച്ച് മത്സരത്തിനിറങ്ങുന്നതെന്ന് ബിസിസിഐ അറിയിച്ചു.

രണ്ട് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ് വ്യാഴാഴ്ച രാത്രിയാണ് ഡൽഹിയിലെ എയിംസിൽ അന്തരിക്കുന്നത്. ഏറെനാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 8.51ന് മരണം സ്ഥിരീകരിക്കുകയും ചെയ്തു.

അതേസമയം, മെൽബൺ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയ 474 എന്ന കൂറ്റൻ സ്‌കോറാണ് ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ രണ്ടിന് 113 എന്ന നിലയിലാണ്. ഓപണർ യശസ്വി ജയ്‌സ്വാളും(61) വിരാട് കോഹ്ലിയും(22) ആണ് ക്രീസിലുള്ളത്. ആദ്യ മത്സരങ്ങളിൽനിന്നു വ്യത്യസ്തമായി ഓപണിങ്ങിൽ തിരിച്ചെത്തിയ നായകൻ രോഹിത് ശർമ(മൂന്ന്) രണ്ടാം ഓവറിൽ തന്നെ പാറ്റ് കമ്മിൻസിന്റെ പന്തിൽ സ്‌കോട്ട് ബൊലാൻഡിന് ക്യാച്ച് നൽകി പുറത്തായി. കെ.എൽ രാഹുലിനെയും(24) കമ്മിൻസ് തന്നെ പവലിയനിലേക്കു തിരിച്ചയച്ചു.

നേരത്തെ, സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയും(140) അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ്(60), ഓപണർ ഉസ്മാൻ ഖവാജ(57), മാർനസ് ലബുഷൈൻ(72) എന്നിവരുടെ അർധസെഞ്ച്വറികളുടെയും കരുത്തിലാണ് ആസ്‌ട്രേലിയ മികച്ച സ്‌കോർ പടുത്തുയർത്തിയത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അർധസെഞ്ച്വറിക്ക് ഒരു റൺസ് അകലെയും പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *