ബോർഡർ ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനം; രോഹിത് ശർമ കളം വിടുന്നോ , വിരമിച്ചേക്കുമെന്ന് സൂചനകൾ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പ്രകടനം തുടരുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പരമ്പരയില്‍ ഇതുവരെ രോഹിത് ആകെ നേടിയിരിക്കുന്നത് വെറും 31 റണ്‍സാണ്. ഒരു ഇന്നിങ്‌സില്‍ പോലും ടീം ഇന്ത്യക്ക് മിനിമം പിന്തുണ നല്‍കാന്‍പോലും താരത്തിന്റെ പ്രകടനം കൊണ്ട് കഴിഞ്ഞിട്ടില്ല. കുടുംബ സംബന്ധമായ കാരണങ്ങളാല്‍

പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ രോഹിത് കളിച്ചിരുന്നില്ല. ജസ്പ്രീത് ബുംറ നയിച്ച ടീമിനെ രണ്ടാം ടെസ്റ്റ് മുതലാണ് രോഹിത് നിയന്ത്രിച്ചു തുടങ്ങിയത്. എന്നാല്‍ തീര്‍ത്തും മങ്ങിയ പ്രകടനമായിരുന്നു രോഹിത്തില്‍ നിന്നുണ്ടായത്. അഡ്‌ലെയഡ്‌ലിലെ രണ്ടാം ടെസ്റ്റില്‍ മൂന്ന്, ആറ് എന്നിങ്ങനെയായിരുന്നു രോഹിത് എടുത്ത റണ്‍സ്. ഗാബയിലെ മൂന്നാം ടെസ്റ്റിലും സ്ഥിതി മറിച്ചായിരുന്നില്ല. ഒറ്റ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തപ്പോള്‍ വെറും പത്ത് റണ്‍സ് ആണ് താരം അടിച്ചത്. ഇന്നലെ അവസാനിച്ച മെല്‍ബണ്‍ ടെസ്റ്റിലാകട്ടെ മൂന്ന്, ഒന്‍പത് എന്നിങ്ങനെയായിരുന്നു രോഹിത് ശര്‍മ്മയുടെ സ്‌കോറുകള്‍.

ഏതായാലും ടെസ്റ്റ് പരമ്പരയിലെ മോശം ഫോം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയതിന് പിന്നാലെ രോഹിത് ശര്‍മ വിരമിക്കാനൊരുങ്ങുന്നതായാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയില്‍ സിഡ്നിയില്‍ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐയിലെ ഉന്നതരും സെലക്ടര്‍മാരും ഇക്കാര്യം രോഹിത്തുമായി സംസാരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഖ്യാപനത്തിന്റെ കൃത്യമായ സമയം നിശ്ചയിച്ചിട്ടില്ലെങ്കിലും സിഡ്നി ടെസ്റ്റിനു ശേഷം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *