മുന്‍ ലോക ഹെവി വെയ്റ്റ് ബോക്‌സിങ് ചാമ്പ്യനും ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ (76) അന്തരിച്ചു. 1974-ല്‍ കോംഗോയില്‍ മുഹമ്മദ് അലിയുമായി നടന്ന വാശിയേറിയ ബോക്‌സിങ് മത്സരത്തിന്റെ പേരില്‍ പ്രസിദ്ധനാണ് ഫോര്‍മാന്‍. ‘റംബിള്‍ ഇന്‍ ദി ജംഗിള്‍’ എന്ന പേരിലാണ് ഈ മത്സരം അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കുടുംബം ഫോർമാന്റെ മരണവിവരം പുറത്തുവിട്ടത്. മരണകാരണം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ബോക്‌സിങ് റിങ്ങിൽ ‘ബിഗ് ജോര്‍ജ്’എന്ന പേരില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. 1949-ല്‍ ടെക്‌സാസിലെ മാര്‍ഷലില്‍ ജനിച്ച ഫോര്‍മാന്‍, 1968-ല്‍ മെക്‌സിക്കോയില്‍ നടന്ന ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി. 19 വയസ്സായിരുന്നു അന്ന്. 1973-ല്‍ ജമൈക്കയിലെ കിങ്സ്റ്റണില്‍ നടന്ന മത്സരത്തില്‍ ലോക ചാമ്പ്യനായ ജോ ഫ്രേസിയറിനെ പരാജയപ്പെടുത്തി. 1973-ല്‍ ആദ്യ ഹെവിവെയ്റ്റ് ചാമ്പ്യന്‍ പട്ടം നേടി. 1977-ല്‍ ജിമ്മി യങ്ങിനോട് പരാജയപ്പെട്ടതോടെ കരിയര്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.
എന്നാല്‍ പത്തുവര്‍ഷങ്ങള്‍ക്കുശേഷം, തന്റെ 45-ാം വയസ്സില്‍ അദ്ദേഹം വീണ്ടും ബോക്‌സിങ് രംഗത്തേക്കുവന്നു. 1994-ല്‍ 46 വയസ്സുള്ളപ്പോൾ വിഖ്യാതനായ മൈക്കിള്‍ മൂററെ പരാജയപ്പെടുത്തിക്കൊണ്ട് ഫോര്‍മാന്‍ അദ്ഭുതം സൃഷ്ടിച്ചു. 1997-ല്‍ ബോക്‌സിങ്ങിനോട് വിട പറഞ്ഞ അദ്ദേഹം, 76 വിജയങ്ങളാണ് നേടിയത്. അഞ്ച് പരാജയങ്ങള്‍ മാത്രമാണ് കരിയറിലുള്ളത്.