ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരം ; ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. മത്സരം സ്പോർട്സ് 18 ചാനലിലിലും ജിയോ സിനിമയിലും തത്സമയം കാണാനാകും. ലോകകപ്പ് യോഗ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കിത് ജീവൻമരണ പോരാട്ടമാണ്. മൂന്നാം റൗണ്ട് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് മുന്നില്‍ ജയിക്കാതെ മറ്റ് വഴികൾ ഒന്നുമില്ല. മൂന്ന് കളിയിൽ നാല് പോയിന്‍റുള്ള ഇന്ത്യ ഗ്രൂപ്പ് എയിൽ രണ്ടും ഒരു പോയിന്‍റുള്ള അഫ്ഗാനിസ്ഥാൻ നാലും സ്ഥാനത്താണ്.

വെള്ളിയാഴ്ച സൗദിയിൽ നടന്ന അഫ്ഗാനെതിരായ ആദ്യപാദ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഒൻപത് പോയന്‍റുള്ള ഖത്തർ ഒന്നും മൂന്ന് പോയിന്‍റുള്ള കുവൈറ്റ് മൂന്നും സ്ഥാനങ്ങളിൽ. പ്രധാന താരങ്ങൾ ഫുട്ബോൾ ഫെഡറേഷനുമായി ഇടഞ്ഞുനിൽക്കുന്നതിനാൽ അഫ്ഗാൻ നിരയിലുള്ളത് രണ്ടാംനിര താരങ്ങളാണ്.

അവസാന അ‍ഞ്ച് കളിയിൽ ഒറ്റഗോൾ പോലും നേടാനായിട്ടില്ല എന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധിയും വെല്ലുവിളിയും. അഫ്ഗാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നാലു ഫോര്‍വേര്‍ഡുകളെ ഇറക്കിയിട്ടും ഇന്ത്യക്ക് ഗോളടിക്കാനായില്ല. ഇത്തവണയും മുപ്പത്തിയൊൻപതാം വയസ്സിൽ നൂറ്റി അൻപതാം മത്സരത്തിനിറങ്ങുന്ന സുനിൽ ഛേത്രിയുടെ ബൂട്ടുകളിലേക്കാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. മധ്യനിരയുടെ മങ്ങിയ പ്രകടനത്തിലും ആശങ്കയുണ്ട്. ഇന്ത്യൻ താരങ്ങളിൽ മിക്കവരെയും അടുത്തറിയുന്ന, ബെംഗളൂരു എഫ് സിയുടെ മുൻകോച്ച് ആഷ്‍ലി വെസ്റ്റ്‍വുഡിന്‍റെ തന്ത്രങ്ങളുമായാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്.

ഫിഫ റാങ്കിംഗിൽ ഇന്ത്യ നൂറ്റി പതിനേഴും അഫ്ഗാനിസ്ഥാൻ നൂറ്റി അൻപത്തിയെട്ടും സ്ഥാനങ്ങളിൽ. ഇരുടീമും 12 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ ഏഴിലും അഫ്ഗാനിസ്ഥാൻ ഒരുകളിയിലും ജയിച്ചു. നാല് മത്സരം സമനിലയിൽ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *