ഫുട്‌ബോള്‍ കളി മാത്രമല്ല; അഭിനയിക്കാനും അറിയാമെന്ന് മെസി, പരമ്പര പ്രേക്ഷകരിലേക്ക്

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മെസി ഇനി അഭിനയരംഗത്തും. നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് താരം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആരാധകര്‍ക്കു മുന്നിലെത്തുന്നത്. അര്‍ജന്റീനയിലെ പ്രശസ്ത ടെലിവിഷന്‍ സീരീസായ ലോസ് പ്രൊട്ടക്ടേഴ്‌സി (ദ പ്രൊട്ടക്ടേഴ്‌സ്) ലാണ് മെസി അഭിനയിക്കുന്നത്.

ഏകദേശം അഞ്ച് മിനിറ്റോളം വരുന്ന അതിഥിവേഷമാണ് സീരീസില്‍ മെസി അഭിനയിക്കുന്നത്. ആദ്യമായാണ് മെസി ഒരു വെബ് സീരീസിന്റെ ഭാഗമാകുന്നത്. ഫുട്‌ബോള്‍ ഏജന്‍സികളുടെ കഥ പറയുന്ന സീരീസില്‍ മെസിയായിട്ട് തന്നെയാണ് താരം എത്തുന്നത്. മൂന്ന് ഫുട്‌ബോള്‍ ഏജന്‍സികള്‍ താരത്തെ സമീപിക്കുകയും അവര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നു സീരീസില്‍ മെസിയുടെ കഥാപാത്രം.

പ്രശസ്ത അര്‍ജന്റീനിയന്‍ അഭിനേതാക്കളായ ഗുസ്താവോ ബെര്‍മൂഡസ്, ആന്ദ്രേസ് പരാ, അഡ്രിയാന്‍ സുവാര്‍ എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങള്‍. മെസി അഭിനയിച്ചതോടെ സീരീസും ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. സ്റ്റാര്‍ പ്ലസില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരീസിന്റെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡിലാണ് മെസി പ്രത്യക്ഷപ്പെടുന്നത്. ബ്യൂണസ് ഐറിസിലും പാരീസിലുമായാണ് സീരീസ് ചിത്രീകരിച്ചിരിക്കുന്നത്.

ഇതിനിടെ ഫ്രെഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ട മെസി മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിലാണ് മെസി ചേക്കേറിയത്. 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് താരം എത്തുന്നത്. ഇന്റര്‍ മിയാമി ജേഴ്‌സിയില്‍ മെസി കളത്തിലിറങ്ങുന്നത് കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *