പാരീസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; ഗുസ്തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ നേട്ടം. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ അമൻ ഷെറാവത്താണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ പോർട്ടോറിക്കോയുടെ ഡാരിയൻ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യൻ താരം വെങ്കലമണിഞ്ഞത്. 13-5നായരുന്നു അമൻ ഷെറാവത്തിന്റെ വിജയം. ഒള്പിമ്പിക് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്ന ഏഴാമത്തെ ഇന്ത്യൻ ഗുസ്തി താരമായി അമൻ ഷെറാവത്ത് മാറി.

ആദ്യ മത്സരത്തിൽ നോർത്ത് മാസിഡോണിയയുടെ വ്‌ളാദിമിർ ഇഗോറോവിനെ 10-0ത്തിന് തോൽപ്പിച്ചാണ് അമൻ ക്വാർട്ടറിലേക്ക് കടന്നത്. ക്വാർട്ടറിൽ മുൻ ലോക ചാമ്പ്യൻ അൽബേനിയക്കാരൻ സലിംഖാൻ അബാക്കറോവിനെ 12-0ത്തിന് തകർത്ത് സെമിയിലേക്ക് കടന്നു.

ഇഗാറോവിനെതിരായ മത്സരത്തിന്റെ ആദ്യ പീരിയഡിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച അമൻ വിജയം ഉറപ്പിച്ചിരുന്നു.ആറ് പോയിന്റുകളാണ് ആദ്യ പീരിയഡിൽ അമൻ നേടിയത്. രണ്ടാം പീരിയഡിലും ഇന്ത്യൻ താരം ഇതേ മികവ് പുറത്തെടുത്തപ്പോൾ മാസിഡോണിയൻ താരത്തിന് പിടിച്ചുനിൽക്കാൻ കഴിയാതെയായി. ക്വാർട്ടറിൽ എതിരാളിയായെത്തിയ സലിംഖാൻ 2022ലെ ലോക ചാമ്പ്യനായിരുന്നെങ്കിലും ആദ്യ മത്സരത്തിലേതിനേക്കാൾ ഈസിയായാണ് അമൻ മുന്നേറിയത്. ആദ്യ പീരിയഡിൽ മൂന്ന് പോയിന്റാണ് അമന് കിട്ടിയത്. എന്നാൽ രണ്ടാം പീരിയഡിൽ അമൻ തുരുതുരാ പോയിന്റുകൾ നേടി. ഒൻപത് പോയിന്റുകൾ രണ്ടാം പീരിയഡിലും അമന്റെ അക്കൗണ്ടിലെത്തിയതോടെ മത്സരത്തിന്റെ വിധി കുറിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *