ഡൽഹിയിൽ തിരിച്ചെത്തി പാരിസ് ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കർ; വൻ സ്വീകരണമൊരുക്കി ആരാധകർ

പാരിസ് ഒളിംപിക്‌സിൽ പുതുചരിത്രമെഴുതി സ്വന്തമാക്കിയ ഇരട്ട മെഡലുകളുമായി ഷൂട്ടിങ് താരം മനു ഭാക്കർ ജൻമനാട്ടിൽ തിരിച്ചെത്തി. ഇന്നു രാവിലെ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ മനു ഭാക്കറിനും പരിശീലകൻ ജസ്പാൽ റാണയ്ക്കും ആരാധകർ ഒരുക്കിയത് വൻ സ്വീകരണം. ഒട്ടേറെപ്പേരാണ് സൂപ്പർതാരത്തെ കാണാനും സ്വീകരിക്കാനുമായി വിമാനത്താവളത്തിലെത്തിയത്. പുഷ്പഹാരമണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും ഇന്ത്യൻ ജനത ഒളിംപിക്‌സ് മെഡൽ ജേതാവിനെ വരവേറ്റു. 

ഇന്ത്യൻ ഷൂട്ടിം​ഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തൻ്റെ ലക്ഷ്യമെന്ന് മനു പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന് വേണ്ടിയും സ്പോർട്സിനുവേണ്ടിയും തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകൾ നേടാനുള്ള ശ്രമം തുടരുമെന്നും മനു ഭാക്കർ വ്യക്തമാക്കി.

ഒളിംപിക്സ് ഷൂട്ടിം​ഗിൽ 12 വർഷത്തിന് ശേഷമാണ് ഇന്ത്യ മെഡൽ നേടുന്നത്. ഇത്തവണ ലഭിച്ച മൂന്ന് മെഡലുകളും ഷൂട്ടിം​ഗിലാണ് ലഭിച്ചിരിക്കുന്നത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽസിൽ മനു ഭാക്കറാണ് ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയത്. പിന്നാലെ 10 മീറ്റർ എയർ പിസ്റ്റൽസിൽ മിക്സഡ് ഇനത്തിൽ സരബ്ജോത് സിംഗ്-മനു ഭാക്കർ സഖ്യവും വെങ്കല മെഡൽ സ്വന്തമാക്കി. സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി മൂന്നാം മെഡൽ നേടിയത്. ഷൂട്ടിം​ഗ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് താരത്തിന്റെ വെങ്കല നേട്ടം. പാരിസിൽ ഇതുവരെ മൂന്ന് വെങ്കല മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ ഇപ്പോൾ മെഡൽ പട്ടികയിൽ 63-ാം സ്ഥാനത്താണ്. അമേരിക്ക ഒന്നാമതും ചൈന രണ്ടാമതും തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *