ടി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് വസീം ജാഫര്‍; സഞ്ജുവും പന്തും ടീമില്‍

ടി20 ലോകകപ്പ് ടീമിനെ തെര‍ഞ്ഞെടുക്കാനുള്ള സെലക്ടര്‍മാരുടെ നിര്‍ണായക യോഗം ഇന്നോ നാളെയോ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം വസീം ജാഫര്‍. ജാഫര്‍ തെരഞ്ഞെടുത്ത ടി20 ലോകകപ്പ് ടീമില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിനും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ ക്യാപ്റ്റൻ കെ എല്‍ രാഹുലിനും ഇടമില്ല. അതേസമയം വിക്കറ്റ് കീപ്പര്‍മാരായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ റിഷഭ് പന്തും ജാഫറിന്‍റെ ലോകകപ്പ് ടീമിലിടം നേടി. ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിൽ അര്‍ധസെ‍ഞ്ചുറിയുമായി സഞ്ജു തിളങ്ങിയിരുന്നു. ഈ മികച്ച പ്രകടനം ഐപിഎൽ റൺവേട്ടയിൽ സഞ്ജുവിനെ രണ്ടാം സ്ഥാനത്തെത്തിച്ചിരുന്നു.

സഞ്ജുവിന്‍റെ പ്രകടനം ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ സെലക്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് പ്രതിക്ഷിക്കപ്പെടുന്നത്. ജാഫര്‍ തെരഞ്ഞടുത്ത ടീമിലെ ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളുമാണ്. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ചെന്നൈയുടെ ബാറ്റര്‍ ശിവം ദുബെ, കൊല്‍ക്കത്ത താരം റിങ്കു സിംഗ് എന്നിവരാണ് ബാറ്റര്‍മാരായി ജാഫര്‍ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയുമുണ്ട്. സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ജാഫര്‍ തെരഞ്ഞെടുത്ത ടീമിലുള്ളത്. പേസര്‍മാരായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *