ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിവരുന്നു. പരിക്ക് മൂലം നിലവിലെ ക്യാപ്റ്റനായ ഋതുരാജ് ഗ്വൊയ്കവാദിന് സീസൺ ഉടനീളം പുറത്തിരിക്കേണ്ടി വരുന്നതിനാലാണ് ധോണിക്ക് വീണ്ടും ക്യാപ്റ്റൻ സ്ഥാനം നൽകിയത്.
‘‘ഗുവാഹത്തിയിൽ വെച്ച് അദ്ദേഹത്തിന് പന്തുകൊണ്ടിരുന്നു. കഠിനമായ വേദനയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കൈമുട്ടിന് സാരമായ പരിക്കുണ്ട്. അദ്ദേഹം ടൂർണമെന്റിൽ നിന്നും പുറത്തായിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹം ടീമിനായി നൽകിയ സേവനങ്ങളെ മാനിക്കുന്നു. സീസണിലെ ബാക്കി മത്സരങ്ങളിൽ ധോണിയായിരിക്കും ചെന്നൈയെ നയിക്കുക’’ -ചെന്നൈ കോച്ച് സ്റ്റീഫൻ െഫ്ലമിങ് പ്രതികരിച്ചു.
43കാരനായ ധോണി 2008 മുതൽ 2023വരെയുള്ള കാലയളവിലായി 235 മത്സരങ്ങളിൽ ചെന്നൈയെ നയിച്ചിട്ടുണ്ട്. ഇതിൽ 142 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 90 എണ്ണത്തിൽ തോറ്റു. അഞ്ചുതവണ കിരീടവും നേടി.
അഞ്ചുമത്സരങ്ങളിൽ നാലും തോറ്റ ചെന്നൈ നിലവിൽ പോയന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ടീമിനെ േപ്ല ഓഫിലെത്തിക്കുക എന്ന വെല്ലുവിളിയാണ് ധോണിക്ക് മുന്നിലുള്ളത്.