ചാംമ്പ്യൻസ് ട്രോഫി ; ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിനായി രോഹിത് ശർമ പാക്കിസ്ഥാനിലേക്കില്ല

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിനും വാര്‍ത്താസമ്മേളനത്തിനുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ പാകിസ്ഥാനിലേക്ക് പോകില്ല. ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാന്‍ പാകിസ്ഥാനിലേക്കില്ലെന്ന ബിസിസിഐ നിലപാടിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിയില്‍ നടത്താന്‍ തീരുമാനമായത്. ഇതിന് പിന്നാലെയാണ് ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടിനായും രോഹിത്തിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്.

ഐസിസി ടൂര്‍ണമെന്‍റുകള്‍ക്ക് മുന്നോടിയായി നടത്തുന്ന ക്യാപ്റ്റന്‍മാരുടെ പതിവ് ഫോട്ടോ ഷൂട്ടിനും വാര്‍ത്താസമ്മേളനത്തിനും രോഹിത്തിനെ അയക്കേണ്ടെന്നാണ് ബിസിസിഐ തീരുമാനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രോഹിത്തിന് കൂടി പങ്കെടുക്കാനായി ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും ദുബായിലേക്ക് മാറ്റണമെന്ന് ബിസിസിഐ ഐസിസിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചതിനാല്‍ പുതിയ നിര്‍ദേശത്തോട് ഐസിസി എങ്ങനെയാവും പ്രതികരിക്കുക എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

ഇതിന് പുറമെ ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിനുള്ള ഇന്ത്യൻ ടീമിന്‍റെ കിറ്റില്‍ പാകിസ്ഥാന്‍ എന്നെഴുതരുതെന്നും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഐസിസി മാര്‍ഗനിര്‍ദേശം അനുസരിച്ച് ആതിഥേയരാജ്യത്തിന്‍റെ പേര് എല്ലാ ടീമുകളുടെയും ടീം ജേഴ്സി ഉള്‍പ്പെടെയുള്ള കിറ്റുകളില്‍ ഉണ്ടാകണമെന്നുണ്ട്. എന്നാല്‍ ഇതിനോടും ബിസിസിഐയുടെ പ്രതികരണം അനുകൂലമല്ല. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലായതിനാല്‍ കിറ്റുകളില്‍ നിന്ന് പാകിസ്ഥാന്‍ എന്ന് വേണ്ടെന്നാണ് ബിസിസിഐയുടെ നലപാട്.

അതേസമയം, ക്രിക്കറ്റില്‍ ബിസിസിഐ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും ആദ്യം പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന് പറഞ്ഞ ബിസിസിഐ ഫോട്ടോ ഷൂട്ടിനായി ക്യാപ്റ്റനെ അയക്കാതെയും കിറ്റുകളില്‍ നിന്ന് പാകിസ്ഥാന്‍ എന്നെഴുതരുതെന്നും വാശിപിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *