ഗ്രൗണ്ടിൽ വീണ്ടും കോഹ്ലി ഗംഭീർ പോര്; ആഘോഷങ്ങൾക്കിടെ നാടകീയ സംഭവങ്ങൾ, നാണക്കേടെന്ന് ആരാധകർ

ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ നേടിയതിന്റെ ശൗര്യവുമായെത്തിയ കെ.എൽ രാഹുലും സംഘവും കോഹ്ലിപ്പടക്ക് മുന്നിൽ കവാത്ത് മറക്കുന്ന കാഴ്ചയാണ് ഇന്നലെ മൈതാനത്ത് കണ്ടത്. കളിക്ക് ശേഷം ബാംഗ്ലൂർ സൂപ്പർതാരം വിരാട് കോഹ്ലി ഏറെ ആവേശത്തിലായിരുന്നു. ഗ്യാലറിയിലെ ലഖ്‌നൗ ആരാധകരോട് ചുണ്ടിൽ വിരൽവച്ച് നിശബ്ദരാകാൻ പറയുന്ന കോഹ്ലിയെ കാണാമായിരുന്നു. നേരത്തേ ലഖ്‌നൗ മെന്റർ ഗൗതം ഗംഭീർ ബാംഗ്ലൂരിനെതിരായ ആവേശ ജയത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ഇതിന് സമാനമായൊരു ആഘോഷം നടത്തിയിരുന്നു. അതിനാൽ തന്നെ കോഹ്‌ലിയുടേത് ഒരു മധുര പ്രതികാരം കൂടിയായിരുന്നു.

ബാംഗ്ലൂർ താരങ്ങളുടെ ആഘോഷങ്ങൾക്കിടെ മൈതാനത്ത് പിന്നീട് ചില നാടകീയ സംഭവങ്ങൾ അരങ്ങേറി. ഗൗതം ഗംഭീറും വിരാട് കോഹ്ലിയും തമ്മിൽ മൈതാനത്ത് വച്ച് വലിയ വാക്കേറ്റമാണുണ്ടായത്. ലഖ്‌നൗ ഓൾറൗണ്ടർ കെയിൽ മെയേഴ്സിനോട് എന്തോ സംസാരിക്കുകയായിരുന്നു കോഹ്ലി. ആ സമയം മെയേഴ്സിന് അടുത്തേക്ക് നടന്നെത്തിയ ഗംഭീർ താരത്തെ കോഹ്ലിക്ക് അടുത്ത് നിന്ന് വിളിച്ച് കൊണ്ടു പോയി. ഇതിന് ശേഷം കോഹ്ലിയും ഗംഭീറും തമ്മിൽ ഗ്രൗണ്ടിൽ വാക്കേറ്റത്തിലേർപ്പെടുന്നതാണ് ആരാധകർ കണ്ടത്. സഹതാരങ്ങൾ ഇരുവരേയും പിടിച്ച് മാറ്റാൻ പിടിപ്പത് പണിപെട്ടു. ഐ.പി.എൽ ചരിത്രത്തിൽ ഇതാദ്യമായൊന്നുമല്ല കോഹ്ലിയും ഗംഭീറും മൈതാനത്ത് ഏറ്റുമുട്ടുന്നത്. 2013 ൽ ഗംഭീർ കൊൽക്കത്ത നായകനായിരിക്കേ ഒരു മത്സരത്തിനിടെ ഇരുവരും മൈതാനത്ത് കൊമ്പ് കോർത്തിരുന്നു.

കളിക്കിടയിലും വിരാട് കോഹ്ലിയും ലഖ്‌നൗ താരങ്ങളും തമ്മിൽ വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. മത്സരത്തിന്റെ 17ാം ഓവറിൽ ലഖ്‌നൗ താരം നവീനുൽ ഹഖുമായി കോഹ്ലി കൊമ്പു കോർത്തു.അതവിടം കൊണ്ടവസാനിച്ചില്ല. മത്സര ശേഷം ടീം അംഗങ്ങൾ തമ്മിൽ ഹസ്തദാനം നടത്തുന്നതിനിടെ നവീനുൽ ഹഖും കോഹ്ലിയും തമ്മിൽ വീണ്ടും കൊമ്പുകോർക്കുന്നത് കാണാമായിരുന്നു. മൈതാനത്തരങ്ങേറിയ നാടകീയ സംഭവങ്ങൾക്ക് ശേഷം റോമൻ ചക്രവർത്തിയായ മാർക്കസ് ഒറേലിയസിന്റെ പ്രശസ്തമായൊരു വാചകം കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ”നമ്മൾ കേൾക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്. അവ വസ്തുതകൾ ആവണമെന്നില്ല.. കാണുന്നതെല്ലാം കാഴ്ച്ചപ്പാടുകളാണ് സത്യമാവണമെന്നില്ല”

Leave a Reply

Your email address will not be published. Required fields are marked *