ഗ്രൗണ്ടിലെ പോര്; കോഹ്ലിയ്ക്ക് നഷ്ടമാകുക ഗംഭീറിന്റേതിനേക്കാൾ നാലിരട്ടിയിലേറെ തുക

ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന ലഖ്നൗ സൂപ്പർ ജയൻറ്സ് -റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വെച്ച് വാക്കുതർക്കത്തിലേർപ്പെട്ടവർക്ക് ഐ.പി.എൽ പെരുമാറ്റചട്ടം ലംഘിച്ചതിന് പിഴ ഈടാക്കി ബി.സി.സി.ഐ.

ആർ.സി.ബി സൂപ്പർ താരം വിരാട് കോഹ്ലിക്കും എൽ.എസ്.ജി മെൻറർ ഗൗതം ഗംഭീറിനും മാച്ച് ഫീയുടെ നൂറു ശതമാനമാണ് പിഴ വിധിച്ചത്. ലഖ്നൗവിന്റെ അഫ്ഗാൻ താരം നവീനുൽ ഹഖിന് അമ്പത് ശതമാനവും പിഴ വിധിച്ചു. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും വലിയ സംഖ്യ നഷ്ടപ്പെടുന്നത് കോഹ്ലിയ്ക്ക് ആണെന്ന് ആണ് പുറത്ത് വരുന്ന വിവരം.

കോഹ്ലി 1.07 കോടി രൂപയാണ് പിഴ നൽകേണ്ടി വരിക. ഗൗതം ഗംഭീർ 25 ലക്ഷമാണ് നൽകേണ്ടത്. അഥവാ ഗംഭീറിന്റേതിനേക്കാൾ നാലു മടങ്ങിലേറെ പണം കോഹ്ലിയ്ക്ക് നഷ്ടമാകും. നവീൻ 1.79 ലക്ഷമാണ് പിഴയൊടുക്കേണ്ടത്. ക്രിക്കറ്റ് നിരീക്ഷകനായ മുഫദ്ദൽ വോഹ്റയടക്കമുള്ളവരാണ് ട്വിറ്ററിൽ പിഴയുടെ കണക്കുകൾ പങ്കുവെച്ചത്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.21 പ്രകാരം ലെവൽ 2 കുറ്റമാണ് കോഹ്ലിക്കും ഗംഭീറിനുമെതിരെ ചുമത്തിയിരിക്കുന്നത്. 2.21 പ്രകാരം ലെവൽ 1 കുറ്റമാണ് നവീനുൽ ഹഖിനെതിരെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *