കോലിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കായിക താരമാകാൻ അജയ് ജഡേജ

വിരാട് കോലിയെ മറികടന്ന് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് വ്യക്തിത്വമായി മുന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ മാറുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗറിന്റെ അടുത്ത സിംഹാസന അവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജഡേജ കോലിയെ പിന്തള്ളാൻ പോകുന്നത്. നിലവിലെ നവനഗര്‍ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ ജാം സാഹേബാണ് പുതിയ സിംഹാസന അവകാശിയായി അജയ് ജഡേജയുടെ പേര് പ്രഖ്യാപിച്ചത്. പാരമ്പര്യമനുസരിച്ചാണ് ജാംനഗര്‍ രാജ കുടുംബാംഗമായ അജയ് ജഡേജ പുതിയ സിംഹാസന അവകാശിയായി മാറിയിരിക്കുന്നത്.

പുതിയ സിംഹാസന അവകാശിയായി പ്രഖ്യാപിച്ചതോടെ, 1450 കോടി രൂപയിലധികം വരുന്ന സമ്പത്ത് ആണ് ജഡേജക്ക് വന്നുചേരുക. ഈ അമ്പരപ്പിക്കുന്ന തുക അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കായികതാരമാക്കി മാറ്റും. ക്രിക്കറ്റ് താരം വിരാട് കോലിക്ക് ഏകദേശം 1,000 കോടിയുടെ ആസ്തിയാണ് ഉള്ളത്. ക്രിക്കറ്റില്‍ വലിയ പാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബം കൂടിയാണ് ജഡേജയുടേത്. പ്രസിദ്ധമായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ ജഡേജയുടെ ബന്ധുക്കളായ രഞ്ജിത് സിങ്ജി, ദുലീപ് സിങ്ജി എന്നിവരുടെ സ്മരണാര്‍ഥമാണ് നടത്തുന്നത്.

1992 നും 2000 നും ഇടയില്‍ ഇന്ത്യക്കായി 196 ഏകദിനങ്ങളും 15 ടെസ്റ്റ് മത്സരങ്ങളും കളിച്ച ജഡേജ രാജകുടുംബത്തിന്റെ നേരിട്ടുള്ള പിന്‍ഗാമിയാണ്. അദ്ദേഹത്തിന്റെ പിതാവ് ദൗലത്സിംഗ്ജി ജഡേജ മൂന്ന് തവണ ജാംനഗറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *