കൊല്‍ക്കത്തയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം; പ്ലേ ഓഫിനോട് അടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം. സീസണിലെ ഗുജറാത്തിന്റെ ആറാം ജയമാണിത്. കൊല്‍ക്കത്തക്കെതിരെ 39 റണ്‍സിന്റെ ജയമാണ് ഗുജറാത്ത് നേടിയത്.

ഗുജറാത്ത് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കൊല്‍ക്കത്തയ്ക്കായി അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ(36 പന്തില്‍ 50) മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ അജിന്‍ക്യ രഹാനെ ഒഴികെ കൊല്‍ക്കത്തയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. റഹ്മാനുള്ള ഗുര്‍ബാസ് തുടക്കത്തില്‍ തന്നെ റണ്ണൗട്ടായപ്പോള്‍, സുനില്‍ നരെയ്ന്‍ (13 പന്തില്‍ 17), വെങ്കടേഷ് അയ്യര്‍ (19 പന്തില്‍ 14) എന്നിവരും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ പുറത്തായി. മധ്യനിരയില്‍ പൊരുതിയ ആന്ദ്രെ റസ്സല്‍ 21 റണ്‍സെടുത്തു. രമണ്‍ദീപ്, മൊയീന്‍ അലി എന്നിവരും നിരാശപ്പെടുത്തിയതോടെ 16.3 ഓവറില്‍ 119 റണ്‍സെന്ന നിലയിലായി കൊല്‍ക്കത്തയുടെ അവസ്ഥ.

ഗുജറാത്ത് നിരയില്‍ റാഷിദ് ഖാനും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ശുഭ്മാന്‍ ഗില്ലിന്റേയും(55 പന്തില്‍ 90), സായ് സുദര്‍ശന്‍(36 പന്തില്‍ 52) അര്‍ധ സെഞ്ച്വറി മികവിലാണ് ഗുജറാത്ത് മികച്ച സ്‌കോറിലേക്ക് മുന്നേറിയത്. 23 പന്തില്‍ 41 റണ്‍സുമായി ജോസ് ബട്ലര്‍ പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *