മയക്കുമരുന്ന് വിതരണത്തിന്റെ ഭാഗമായതിന് ഓസ്ട്രേലിയയുടെ മുൻ സ്പിന്നർ സ്റ്റുവർട്ട് മക്ഗില്ലിനെ സിഡ്നി ഡിസ്ട്രിക്റ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2021 ഏപ്രിലിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട കേസിലാണ് മുൻ താരം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
മക്ഗില്ലും അദ്ദേഹത്തിന്റെ സഹോദരീഭർത്താവ് മരിനോ സോട്ടിറോപൗലോസും ഒരു കിലോഗ്രാം കൊക്കെയ്നിന് 330,000 ഡോളർ കൈമാറ്റം നടത്തിയതായാണ് പൊലീസ് കേസെടുത്തിരുന്നത്. തന്റെ റെസ്റ്റോറന്റിൽ നടന്ന ഇടപാടിനെക്കുറിച്ചും തനിക്ക് അറിയില്ലെന്ന് മക്ഗിൽ വാദിച്ചെങ്കിലും ഇടപാട് നടക്കാൻ മക്ഗില്ലിന്റെ മുൻകൂർ അറിവും സമ്മതവും അത്യാവശ്യമാണെന്ന് പ്രോസിക്യൂഷനും വാദിച്ചു.
ഒരു കിലോഗ്രാം ഇടപാടിൽ മാക്ഗില്ലിന്റെ നേരിട്ടുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണങ്ങൾ കോടതി തള്ളികളഞ്ഞെങ്കിലും ഇടപാടിന് സൗകര്യം ഒരുക്കിയെന്ന കുറ്റത്തിന് ശിക്ഷിച്ചു. ഓസ്ട്രേലിയയ്ക്കായി 44 ടെസ്റ്റുകൾ കളിച്ച മാക്ഗിൽ 208 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട് ഈ ഓസീസ് മുൻ ലെഗ് സ്പിന്നർ. ഇതിൽ 12 അഞ്ചുവിക്കറ്റ് പ്രകടനവും ഉൾപ്പെടുന്നു. 1998-2008 കാലയളവിലാണ് താരം ഓസീസിനായി കളിച്ചിരുന്നത്.