ഓർമകൾക്ക് ഒരു വയസ്: ഷെയ്ൻ വോൺ പിച്ചിലും ജീവിതത്തിലും വിവാദതാരം

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ വിട പറഞ്ഞിട്ട് ഒരു വർഷം തികയുന്നു. 2022 മാർച്ച് നാലിനാണ് വോൺ മരിക്കുന്നത്. മരിക്കുമ്പോൾ 52 വയസ് മാത്രമായിരുന്നു പ്രായം. ആ വിയോഗം കുടുംബക്കാരെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഞെട്ടിച്ചു. തായ്ലാൻഡിൽ അവധിക്കാലം ആഘോഷിക്കാൻ പോയ വോണിനെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട്, വോണിന്റെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു.

ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ ഐതിഹാസിക ക്രിക്കറ്റ് കരിയറും സ്വകാര്യജീവിതത്തിലെ വിവാദങ്ങളും അറിയാം. ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായി വോണിനെ കണക്കാക്കപ്പെടുന്നു. 1969 സെപ്റ്റംബർ 13നാണ് വോൺ ജനിക്കുന്നത്. 1992ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോൺ ടെസ്റ്റ് ക്രിക്കറ്റിൽ ആകെ 708 വിക്കറ്റുകൾ നേടി. 2007 വരെ വോണിന്റേത് ലോക റെക്കോർഡായിരുന്നു. ടെസ്റ്റിലും, എകദിനത്തിലുമായി ആയിരത്തിലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ക്രിക്കറ്റ് പിച്ചിൽ റെക്കോർഡുകൾ സ്വന്തമാക്കുമ്പോഴും വിവാദങ്ങൾ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ജീവിതരീതികൾ പലപ്പോഴും വൻ വിമർശനങ്ങൾക്ക് ഇടയായി. വിവാഹത്തിനു ശേഷവും വോണിന് നിരവധി കാമുകിമാരുണ്ടായിരുന്നു. വോണിന്റേത് കുത്തഴിഞ്ഞ ലൈംഗികജീവിതമായിരുന്നെന്ന് അടുത്ത സുഹൃത്തുക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീട് ഇക്കാര്യങ്ങളെല്ലാം വോൺ തുറന്നുസമ്മതിച്ചിട്ടുമുണ്ട്. അന്താരാഷ്ട്ര പ്രശസ്തിയ്ക്കൊപ്പം സ്വന്തം പ്രവൃത്തികൊണ്ട് കുപ്രസിദ്ധിയും വോണിനെ തേടിയെത്തി.

ഒരിക്കൽ തന്റെ കാമുകിക്ക് അയച്ച സന്ദേശം അബദ്ധത്തിൽ ഭാര്യയ്ക്കാണു കിട്ടിയത്. ഫോൺ മെസേജ് ഇങ്ങനെയായിരുന്നു- ‘ഹേ സുന്ദരി, പിൻവാതിൽ തുറന്നിരിക്കുന്നു’. തുടർന്ന് വലിയ വഴക്കുകളാണ് കുടുംബത്തിൽ സംഭവിച്ചത്. 2003ലെ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് ഷെയ്ൻ വോണിനെ ഒഴിവാക്കിയത് വോണിനു തിരിച്ചടിയായി. ഉത്തേജകമരുന്ന് ഉപയോഗിച്ചതുകൊണ്ടാണ് വോണിനു പുറത്തിരിക്കേണ്ടിവന്നത്. വോണിന്റെ പുകവലിയും കുപ്രസിദ്ധമാണ്. ഒരു ദിവസം അമ്പതിലേറെ സിഗരറ്റ് വോൺ വലിക്കുകമായിരുന്നു.

ഷെയ്ൻ വോൺ തന്റെ ക്രിക്കറ്റ് പ്രതിഭയുടെ പേരിലാണു അറിയപ്പെടുന്നത്. ലെഗ് സ്പിന്നർ എന്ന നിലയിൽ സമർഥനായ ബൗളറായിരുന്നു വോൺ. പ്രശസ്തിയും കുപ്രസിദ്ധിയും ഇത്രത്തോളം തേടിയെത്തിയ ക്രിക്കറ്റ് താരങ്ങൾ വോണിനെ അപേക്ഷിച്ചു മറ്റാരുമുണ്ടാകില്ല!

Leave a Reply

Your email address will not be published. Required fields are marked *