ഓസ്ട്രേലിയൻ പര്യടത്തിന് മുഹമ്മദ് ഷമിയും ഉണ്ടായേക്കുമെന്ന് സൂചന ; ഷമി ബൗളിംഗ് പരിശീലനം ആരംഭിച്ചു

അടുത്ത മാസം തുടങ്ങുന്ന ഓസ്ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത. ഓസ്ട്രേലിയയില്‍ ജസ്പ്രീത് ബുമ്രയുടെ ബൗളിംഗ് പങ്കാളിയാവാന്‍ മുഹമ്മദ് ഷമിയുണ്ടാകുമെന്ന് ഉറപ്പായി.കാല്‍ക്കുഴയിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ മുഹമ്മദ് ഷമി ബൗളിംഗ് പരിശീലനം പുനരാരംഭിച്ചു. ബെംഗളൂരൂവില്‍ ഇന്ത്യൻ അസിസ്റ്റന്‍റ് കോച്ചിന് ഷമി പന്തെറിയുന്നതിന്‍റെ വീഡിയോയും പുറത്തുവന്നു.

താന്‍ വേദനയില്‍ നിന്ന് 100 ശതമാനം മുക്തനായെന്ന് ബെംഗളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലുള്ള ഷമി പറഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തിലേക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കും മുമ്പ് ഒന്നോ രണ്ടോ രഞ്ജി മത്സരങ്ങില്‍ കളിച്ച് ഫിറ്റ്നെസ് തെളിയിക്കുമെന്നും ഷമി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനുശേഷം കാല്‍ക്കുഴയിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഷമി ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ പരിശീലനം പുനരാരംഭിക്കാനിരിക്കെ ഷമിയുടെ ഇടതുകാല്‍മുട്ടിൽ വേദന അനുഭവപ്പെട്ടതോടെ ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചില്ല. പൂര്‍ണമായും ഫിറ്റ് അല്ലെങ്കില്‍ ഷമിയുടെ കാര്യത്തില്‍ റിസ്ക് എടുക്കില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശര്‍മയും വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഷമിയെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലെടുക്കുക ബുദ്ധിമാട്ടാവുമെന്നായിരുന്നു കഴിഞ്ഞ ആഴ്ച രോഹിത് പറഞ്ഞത്.

പൂര്‍ണ കായികക്ഷമതയില്ലാത്ത ഷമിയെ ഓസ്ട്രേലിയയില്‍ കളിപ്പിക്കാന്‍ ഒരുക്കമല്ലെന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും രോഹിത് പറഞ്ഞിരുന്നു.കഴിഞ്ഞവര്‍ഷം ഏകദിന ലോകകപ്പില്‍ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്ന ഷമി പിന്നീട് മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. നവംബര്‍ 22ന് പെര്‍ത്തിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ്.പേസിനെ തുണക്കുന്ന പെര്‍ത്തിലെ പിച്ചില്‍ ഷമിയുടെ സാന്നിധ്യം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും.അഞ്ച് ടെസ്റ്റുകളടങ്ങിയതാണ് ഓസ്ട്രേലിയ്കകെതിരായ ടെസ്റ്റ് പരമ്പര.

Leave a Reply

Your email address will not be published. Required fields are marked *