ഓസ്ട്രേലിയയിലെ ടെസ്റ്റ് തോൽവി ബിസിസിഐ വിലയിരുത്തും ; ഗൗതം ഗംഭീര്‍ , രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവർ യോഗത്തിൽ പങ്കെടുക്കും

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വി വിലയിരുത്താന്‍ ബിസിസിഐ. ഇന്ത്യൻ താരങ്ങള്‍ ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയശേഷമാകും കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവരെ ഉള്‍പ്പെടുത്തി വിശകലന യോഗം ചേരുക എന്നാണ് റിപ്പോര്‍ട്ട്.

ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പര തോല്‍വിയുടെ പേരില്‍ കോച്ച് ഗൗതം ഗംഭീറിനോ രോഹിത് ശര്‍മക്കോ സ്ഥാനമാറ്റമുണ്ടാവില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ബാറ്റിംഗ് നിരയുടെ പരാജയത്തിന് കോച്ചിനെ പുറത്താക്കാനാവില്ലെന്നായിരുന്നു ബിസിസിഐ പ്രതിനിധി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്.

അതുപോലെ ഓസ്ട്രേലിയയില്‍ മോശം പ്രകടനം നടത്തിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കോ വിരാട് കോലിക്കോ സ്ഥാനചലനമുണ്ടാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇരുവരും ടീമില്‍ തുടരും. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അഞ്ച് ഇന്നിംഗ്സുകളില്‍ 6.1 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. പെര്‍ത്തില്‍ സെഞ്ചുറി അടിച്ച് തുടങ്ങിയെങ്കിലും കോലിയാകട്ടെ 23.95 ശരാശരിയില്‍ 190 റൺസ് മാത്രമാണ് നേടിയത്. ഈ സാഹചര്യത്തില്‍ ഇരുവരും ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്തകളും വന്നിരുന്നു. മോശം ഫോമിന്‍റെ പേരില്‍ രോഹിത് സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നെങ്കിലും താന്‍ വിരമിക്കുന്നില്ലെന്ന് പിന്നാലെ രോഹിത് വ്യക്തമാക്കുകയും ചെയ്തു.

ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിലാണ് ബിസിസിഐ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിശീലകനായി ചുമതലയേറ്റെടുത്ത ഗംഭീറിന് കീഴില്‍ ഇന്ത്യ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ കൂടി തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താമെന്ന ഇന്ത്യയുടെ പ്രതീക്ഷയും അവസാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *