ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിൽ വിരാട് കോലി; റണ്‍വേട്ടയില്‍ ലീഡുയർത്തി

ഐപിഎല്ലിൽ റണ്‍വേട്ടയില്‍ കുതിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു താരം വിരാട് കോലി. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ അര്‍ധസെഞ്ചുറിയോടെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തിയിരിക്കുകയാണ് കോലി. സീസണിലെ ഒമ്പത് മത്സരങ്ങളില്‍ നിന്നുമായി 430 റൺസാണ് കോലി അടിച്ചെടുത്തത്. 2011നുശേഷം പത്താം സീസണിലാണ് കോലി ഐപിഎല്ലില്‍ 400 റണ്‍സ് പിന്നിടുന്നത്. രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദാണുള്ളത്. എട്ട് കളികളില്‍ നിന്ന് 349 റണ്‍സാണ് ഗെയ്ക്‌വാദ് സ്വന്തമാക്കിയത്.

ഹൈദരാബാദിന്‍റെ ട്രാവിസ് ഹെഡിനും അഭിഷേക് ശര്‍മക്കും മുന്നേറാന്‍ അവസരമുണ്ടായിരുന്നെങ്കിലും ഇന്നലെ ആർസിബിക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ റൺവേട്ടയിൽ ആദ്യ പത്തില്‍ മാറ്റങ്ങളൊന്നും വന്നില്ല. ആര്‍സിബിക്കെതിരെ ഒരു റണ്‍സ് മാത്രമെടുത്ത് ഔട്ടായ ഹെഡ് ഏഴ് കളികളില്‍ നിന്ന് 325 റണ്‍സുമായി അഞ്ചാം സ്ഥാനത്താണ്. 31 റണ്‍സെടുത്ത അഭിഷേക് ശര്‍മയാകട്ടെ ജോസ് ബട്‌ലറെയും സുനില്‍ നരെയ്നെയുമെല്ലാം മറികടന്ന് 288 റണ്‍സുമായി പന്ത്രണ്ടാം സ്ഥാനത്തെത്തി. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റൻ റിഷഭ് പന്ത് 342 റൺസുമായി മൂന്നാം സ്ഥാനത്തും ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍ 334 റൺസുമായി നാലം സ്ഥാനത്തുമാണ്. റിയാന്‍ പരാഗ് 318 റൺസുമായി ആറാം സ്ഥാനത്തുള്ളപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 314 റൺസുമായി ഏഴാമതാണ്.

Leave a Reply

Your email address will not be published. Required fields are marked *