ഐപിഎൽ; രോഹിത് മുംബൈ വിട്ടേക്കും, ഡുപ്ലേസിയെ കൈവിടാൻ ആർസിബി

ഐപിഎല്ലിന്റെ അടുത്ത സീസണിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ കളിച്ചേക്കില്ല എന്ന് റിപ്പോർട്ട്. രോഹിത്തിനെ ടീമിരൽ നിന്ന് ഒഴിവാക്കാനാണ് മുംബൈ ഇന്ത്യൻസിന്റെ തീരുമാനമെന്നാണു വിവരം. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം രോഹിത് ശർമയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ സീസണിൽ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മാത്രമല്ല, അഭിഷേക് നായരും രോഹിത് ശർമയും തമ്മിലുള്ള ഒരു ചർച്ചയ്ക്കിടെ 2024 സീസണ്‍ അവസാനത്തേതായിരിക്കുമെന്നു പറയുന്ന വിഡിയോയും ചോർന്നിരുന്നു.

വരുന്ന സീസണിൽ രോഹിത് ശർമ മറ്റേതെങ്കിലും ക്ലബ്ബിന്റെ ഭാ​ഗമാകാനാണ് സാധ്യത. ലേലത്തിൽ വന്നാൽ രോഹിത് ശർമയ്ക്കു വേണ്ടി വലിയ പോരാട്ടം തന്നെ ഫ്രാഞ്ചൈസികൾ നടത്താൻ സാധ്യതയുണ്ട്. അതേസമയം, അടുത്ത ഐപിഎല്ലിനു വേണ്ടിയുള്ള മെഗാലേലത്തിനു മുന്‍പ് എത്ര താരങ്ങളെ ടീമുകൾക്കു നിലനിർത്താം എന്ന് ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എട്ടു താരങ്ങളെ ടീമിനൊപ്പം വേണമെന്ന് ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആറു പേരെ നിലനിർത്താനാണു സാധ്യത. അതിനു ശേഷമാകും ആരൊക്കെ ടീമിനൊപ്പം തുടരുമെന്ന് ഫ്രാഞ്ചൈസികൾ പ്രഖ്യാപിക്കുക.

അതേസമയം, പുതിയ ടീമിനെ വാർത്തെടുക്കാൻ ശ്രമിക്കുന്ന ആർസിബി ടീം നായകനായ ഫാഫ് ഡുപ്ലേസിയെയും ഒഴിവാക്കും. 40 വയസ്സുകാരനായ ഡുപ്ലേസിയുടെ ട്വന്റി20 സുവർണ കാലം കഴിഞ്ഞെന്നാണു ടീം വിലയിരുത്തുന്നത്. നിലവിലെ ചാംപ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കടേഷ് അയ്യരെ ടീമിൽനിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *