ഐപിഎൽ; ഫീല്‍ഡിങിനിടെ ആവേശത്തിൽ ഓടിയെത്തിയ ആരാധകനെ കണ്ട് ഞെട്ടി രോഹിത് ശര്‍മ

പിന്നിലൂടെ ഓടിയെത്തിയ ആരാധകൻ, ഞെട്ടിത്തരിച്ച് രോഹിത് ശര്‍മ. ഇന്നലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയെല്ലാം കണ്ണുവെട്ടിച്ച് ഒരു ആരാധകൻ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി രോഹിത് ശര്‍മയെ ഉന്നം വെച്ച് പാഞ്ഞു. രോഹിത് ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. ആരാധകന്‍ തൊട്ടു പുറകിലെത്തിയപ്പോഴാണ് രോഹിത് അതറിഞ്ഞത്. പെട്ടെന്ന് അപരിചിതനായൊരാളെ കണ്ടപ്പോള്‍ രോഹിത് ഞെട്ടിത്തരിച്ചുപോയി.

എന്നാൽ ഞെട്ടല്‍ മാറും മുമ്പ് തന്നെ ആരാധകന്‍ രോഹിത്തിനെ കെട്ടിപിടിച്ചു. പിന്നീട് തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ഇഷാന്‍ കിഷനെയും കെട്ടിപ്പിടിച്ച് ശേഷം തിരിച്ചു പോവുകയായിരുന്ന ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയി. ഇയാൾക്ക് പിന്നീട് എന്തു സംഭവിച്ചു എന്ന് വ്യക്തമല്ല. കഴിഞ്ഞ ആഴ്ച ഇതുപോലെ കളിക്കിടെ ഗ്രൗണ്ടിലിറങ്ങി വിരാട് കോലിയെ കെട്ടിപ്പിടിച്ച ആ​രാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ട് തല്ലുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. മത്സരത്തിനിടെ കാണികള്‍ ഇങ്ങനെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്നത് വന്‍ സുരക്ഷാ വീഴ്ച്ചയായാണ് വിലയിരുത്തുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *