ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടർന്ന് ബെഗളൂരു റോയൽ ചലഞ്ചേഴ്സ് ; ഗുജറാത്തിനെ തകർത്തത് 9 വിക്കറ്റിന്

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഉഗ്രൻ തിരിച്ചുവരവ്. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടന്നു. 41 പന്തിൽ നിന്നും ഐ.പി.എല്ലിലെ കന്നി സെഞ്ച്വറി നേടിയ വിൽ ജാക്സും 44 പന്തിൽ 70 റൺസെടുത്ത കോഹ്‍ലിയുമാണ് ബെംഗളൂരുവിന്റെ തേരു തെളിച്ചത്. 10 കളികളിൽ നിന്നും ആർ.സി.ബിയുടെ മൂന്നാം വിജയവുമായി ആർ.സി.ബി പോയന്റ് സമ്പാദ്യം ആറായി ഉയർത്തി. പത്തു കളികളിൽ നിന്നും ആറാംതോൽവി ഏറ്റുവാങ്ങിയ ഗുജറാത്തിനും എട്ടുപോയന്റാണുള്ളത്.

ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് സായ് സുദർശന്റെയും (49 പന്തിൽ 84) ഷാരൂഖ് ഖാന്റെയും (30 പന്തിൽ 58) മികവിലാണ് മികച്ച സ്കോറുയർത്തിയത്. ഒരു ​വിദേശ ബൗളറെയും ഉൾപ്പെടുത്താതെ മികച്ച ബാറ്റിങ് ലൈനപ്പുമായാണ് ആർ.സി.ബി ഇറങ്ങിയത്.വലിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആർ.സി.ബിക്കായ് 12 പന്തിൽ നിന്നും 24 റ​ൺസെടുത്ത ഫാഫ് ഡു​പ്ലെസിസ് മിന്നുംതുടക്കം നൽകി.

ഡു​പ്ലെസിസ് മടങ്ങിയ ശേഷം ഇന്നിങ്സ് കോഹ്‍ലി നന്നായി മുന്നോട്ടു ചലിപ്പിച്ചു. പതിയെത്തുടങ്ങിയ ജാക്സ് പിന്നീട് കത്തിക്കയറുകയായിരുന്നു. 31 പന്തുകളിൽ അർധ സെഞ്ച്വറി പിന്നിട്ട ജാക്സ് പിന്നീടുള്ള 10 ബോളുകളിൽ നിന്നാണ് അടുത്ത 50ലെത്തിയത്. റാഷിദ് ഖാൻ എറിഞ്ഞ 16ആം ഓവറിൽ 29 റൺസ് അടിച്ചെടുത്ത ജാക്സ് അതിവേഗം സെഞ്വറിയിലേക്ക് എത്തുകയായിരുന്നു. ഇതിനിടയിൽ സീസണിൽ 500 റൺസ് പിന്നിടുന്ന ആദ്യ ബാറ്റ്സ്മാനായും കോഹ്‍ലി മാറി.

Leave a Reply

Your email address will not be published. Required fields are marked *