ഐഎസ്എൽ ഫുട്ബോൾ ; കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സി പോരാട്ടം ഇന്ന്

ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. വിജയക്കുതിപ്പ് തുടരാൻ ലക്ഷ്യമിടുന്ന കേരളത്തിന്റെ എതിരാളികൾ ചെന്നൈയിൻ എഫ്‌സിയാണ്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം.

ഏഴ് മത്സരങ്ങളിൽ അഞ്ചു ജയവും, ഒരു തോൽവിയും ഒരു സമനിലയും ഉൾപ്പെടെ ആകെ 16 പോയിന്റുമായി പട്ടികയിൽ രണ്ടാമതാണ് നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ പത്താം സീസണിൽ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ബ്ലാസ്റ്റേഴ്സ് പന്ത് തട്ടുന്നത്. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ ശക്തർ. ഓരോ മത്സരം കഴിയുമ്പോഴും തെറ്റുകൾ തിരുത്തി അടുത്ത മത്സരത്തിനിറങ്ങുന്ന മഞ്ഞപ്പട എതിരാളികളുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്. ആരാധകരുടെ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ശക്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീമാണ് കേരള ബ്ലാസ്റ്റേഴ്സെന്ന് കോച്ച് ഇവാൻ വുകോമാനോവിച്ച് അഭിപ്രായപ്പെട്ടു.

സ്വന്തം മൈതാനത്തും എതിരാളികളുടെ ഗ്രൗണ്ടിലും ഇത്രയധികം പിന്തുണ ലഭിക്കുന്ന മറ്റൊരു ടീമില്ല. അതുകൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമിക്കുന്നതെന്നും വുകോമാനോവിച്ച് പറഞ്ഞു. അതേസമയം ഏഴ് പോയിന്റ് മാത്രമുള്ള ചെന്നൈ ഏഴാം സ്ഥാനത്താണ്. മുന്നേറ്റ നിര താളം കണ്ടെത്തുന്നുണ്ടെങ്കിലും പ്രതിരോധത്തിലെ വീഴ്ചയാണ് ചെന്നൈയുടെ തലവേദന.

മുന്നേറ്റ നിര താളം കണ്ടെത്തുന്നുണ്ടെങ്കിലും പ്രതിരോധത്തിലെ വീഴ്ചകളാണ് ചെന്നൈയുടെ തലവേദന. ഏഴു മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ നേടിയെങ്കിലും വഴങ്ങിയത് 13 എണ്ണം. ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ചെന്നൈ കോച്ച് ഓവൻ കോയിൽ പറഞ്ഞു.ഇരുവരും മുഖാമുഖം വന്നപ്പോൾ ജയം ഒപ്പത്തിനൊപ്പം. 20 മത്സരങ്ങളിൽ ആറ് മത്സരങ്ങൾ വീതം 2 ടീമുകൾ ജയിച്ചപ്പോൾ 8 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ആർത്തിരമ്പുന്ന സ്വന്തം ആരാധകർക്ക് മുന്നിൽ വീണ്ടും തലയുയർത്തി ഒന്നാം സ്ഥാനം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിനെ പ്രതിരോധിക്കാൻ ചെന്നൈ വിയർക്കുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *