ഐഎസ്എൽ; ഒന്നാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഇന്ന് ബെംഗളൂരു ഗോവയെ നേരിടും

ഇന്ത്യൻ സൂപ്പര്‍ ലീഗ് ഫുട്ബോളിൽ ഇന്ന് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കം. ഒന്നാം സെമിയുടെ ആദ്യ പാദത്തിൽ ബെംഗളൂരു എഫ്സിയും എഫ്സി ഗോവയും ഏറ്റുമുട്ടും. ശ്രീകണ്ഠീരവ സ്റ്റേഡയിത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 

രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിലെത്തിയ ഗോവയും പ്ലേ ഓഫ് റൗണ്ടിൽ മുംബൈ എഫ്സിയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകര്‍ത്ത് ബെംഗളൂരുവും നേര്‍ക്കുനേര്‍ വരുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. വിരമിക്കൽ തീരുമാനം പിൻവലിച്ച് കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്തിയ സുനിൽ ഛേത്രിയിലാണ് ബെംഗളൂരുവിന്റെ പ്രതീക്ഷ. ബ്രിസൺ ഫെര്‍ണാണ്ടസിലാണ് ഗോവ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഈ സീസണിൽ ബ്രിസൺ ഫെര്‍ണാണ്ടസ് 7 ഗോളുകൾ നേടിക്കഴിഞ്ഞു. രണ്ട് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. 

മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാറുണ്ടെങ്കിലും ഗോവയ്ക്ക് ഇതുവരെ കപ്പടിക്കാൻ കഴിഞ്ഞിട്ടില്ല. രണ്ട് തവണ റണ്ണറപ്പായെങ്കിലും കപ്പ് മാത്രം അകന്നുനിന്നു. 2015ൽ ചെന്നൈയിൻ എഫ്സിയോടും 2018ൽ ബെംഗളൂരുവിനോടും ഗോവയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മറുഭാഗത്ത്, 2018ൽ കലാശപ്പോരിൽ ഗോവയെ മുട്ടുകുത്തിച്ച് ബെംഗളൂരു കിരീടം ചൂടിയിരുന്നു. രണ്ട് തവണ ഫൈനലിലെത്തുകയും ചെയ്തു.2017-18ൽ ചെന്നൈയോടും 2022-23ൽ ബഗാനോടും ബെംഗളൂരു പരാജയപ്പെട്ടു. 

അതേസമയം, ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോൾ ബെംഗളൂവാണ് കണക്കുകളിൽ മുന്നിൽ. ഇതുവരെ 15 തവണയാണ് ബെംഗളൂരുവും ഗോവയും ഏറ്റുമുട്ടിയത്. ഇതിൽ 7 മത്സരങ്ങളിൽ വിജയം ബെംഗളൂരുവിനൊപ്പമായിരുന്നു. നാല് മത്സരങ്ങളിൽ മാത്രമാണ് ഗോവയ്ക്ക് വിജയിക്കാൻ കഴിഞ്ഞത്.  ഏപ്രിൽ 6നാണ് രണ്ടാം പാദ സെമി ഫൈനൽ നടക്കുക. മറ്റൊരു സെമിയുടെ ആദ്യ പാദത്തിൽ നാളെ ബഗാനും ജംഷഡ്പൂരും ഏറ്റുമുട്ടും. 

Leave a Reply

Your email address will not be published. Required fields are marked *