ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിന് ജയം; കേരള ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. മലയാളി താരം വിഷ്ണു, ഹിജാസി മെഹര്‍ എന്നിവരുടെ ഗോളുകളാണ് ഈസ്റ്റ് ബംഗാളിന് വിജയം സമ്മാനിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിനായി ഡാനിഷ് ആണ് ഗോള്‍ നേടിയത്. പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാള്‍ 17 പോയിന്റുമായി 11ആം സ്ഥാനത്താണ്.

കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ക്ക് തന്നെയായിരുന്നു മുന്‍തൂക്കം. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും അവര്‍ തന്നെ. തുടക്കത്തില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ദിമിത്രിയോസിന്റെ ഒരു നല്ല ഷോട്ട് മനോഹരമായി സച്ചിന്‍ തടഞ്ഞു. എന്നാല്‍ ഈസ്റ്റ് ബംഗാളിന് ലീഡെടുക്കാന്‍ അധിക സമയം വേണ്ടി വന്നില്ല. 20-ാം മിനിറ്റില്‍ വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തു. ഗോള്‍ കീപ്പര്‍ സച്ചിന് മുകളിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്ന വിഷ്ണു. കോറോ ആ ഷോട്ട് ലൈനില്‍ വെച്ച് സേവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും യുവതാരത്തിന് അതിനായില്ല.

ഇതിനു ശേഷം ക്ലൈറ്റണ്‍ സില്‍വക്ക് ഒരു നല്ല അവസരം ശ്രമിച്ചെങ്കിലും സച്ചിന്റെ സേവ് കേരള ബ്ലാസ്റ്റേഴ്‌സിനെ കാത്തു. രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പെപ്രയെ കളത്തില്‍ ഇറക്കി കൂടുതല്‍ അറ്റാക്കിലേക്ക് മാറി. എന്നാല്‍ ഫൈനല്‍ തേഡില്‍ നല്ല പാസുകള്‍ വരാത്തത് ബ്ലാസ്റ്റേഴ്‌സിനെ സമനില ഗോളില്‍ നിന്ന് അകറ്റി. മത്സരത്തിന്റെ 72ആം മിനുറ്റില്‍ ഹിജാസിയുടെ ഹെഡര്‍ ഈസ്റ്റ് ബംഗാളിന്റെ ലീഡ് ഇരട്ടിയാക്കി. 84ആം മിനുറ്റില്‍ ഡാനിഷ് ഫറൂഖിന്റെ മികച്ച ഫിനിഷ് മഞ്ഞപ്പടയ്ക്ക് ചെറിയ പ്രതീക്ഷ നല്‍കി. പക്ഷെ സമനില ഗോള്‍ നേടാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *