ഏഷ്യൻ ഗെയിംസ് ; പുരുഷ ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ ഫൈനലിൽ, എതിരാളികൾ ഇന്ത്യ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമി ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് അഫ്ഗാനിസ്ഥാൻ. 4 വിക്കറ്റിനാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. ഇതോടെ അഫ്ഗാനിസ്താൻ ഒരു മെഡൽ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 115 റൺസിൽ ഒതുക്കിയ അഫ്ഗാൻ 4 വിക്കറ്റും 13 പന്തും ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫൈനലിൽ ഇന്ത്യയാണ് അഫ്ഗാൻ്റെ എതിരാളികൾ.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ തകർപ്പൻ ബൗളിംഗിലൂടെ പിടിച്ചുകെട്ടാൻ അഫ്ഗാനിസ്താനു സാധിച്ചു. മിർസ ബൈഗിനെ നേരിട്ടുള്ള ത്രോയിലൂടെ ഷഹീദുള്ള റണ്ണൗട്ടാക്കിയതോടെയാണ് അഫ്ഗാൻ വിക്കറ്റ് വേട്ട ആരംഭിച്ചത്. 19 പന്തിൽ 24 റൺസ് നേടിയ ഓപ്പണർ ഒമൈർ യൂസുഫ് ടോപ്പ് സ്കോററായപ്പോൾ അഫ്ഗാൻ്റെ ബൗളർമാരെല്ലാം തിളങ്ങി. ഫരീദ് അഹ്മദ് മൂന്നോവറിൽ വെറും 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഖൈസ് അഹ്മദ്, സാഹിർ ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഇടക്കിടെ വിക്കറ്റ് നഷ്ടമായെങ്കിലും നൂർ അലി സദ്രാൻ്റെയും ക്യാപ്റ്റൻ ഗുൽബദിൻ നെയ്ബിൻ്റെയും ഇന്നിംഗ്സുകൾ അഫ്ഗാനിസ്താന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *