ഏഷ്യാ കപ്പ് ഫൈനൽ; ഇന്ത്യയ്ക്ക് വിജയ ലക്ഷ്യം 51,മിന്നും പ്രകടവുമായി മുഹമ്മദ് സിറാജ്

ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്ക 50 റൺസിന് പുറത്ത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് തുടക്കം മുതൽ തന്നെ പിഴച്ചു. ശ്രീലങ്കയുടെ ബാറ്റിംഗ് നിരയിൽ നിന്ന് 5 പേരാണ് റൺസ് ഒന്നും എടുക്കാതെ പുറത്തായത്. 17 റൺസ് എടുത്ത കുശാൽ മെൻഡിസ് ആണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഒരു ഓവറിൽ നാല് വിക്കറ്റുകൾ ഉൾപ്പെടെ 6 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകർത്തെറിഞ്ഞത്. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബൂമ്ര ഒരു വിക്കറ്റും വീഴ്ത്തി

ടോസിന് ശേഷം മഴയെത്തിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ മൂന്നാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ (0) പുറത്താക്കി ബുമ്ര തുടങ്ങി. രണ്ടാം ഓവര്‍ എറിയാനെത്തിയ സിറാജ് റണ്‍സൊന്നും വിട്ടുകൊടുത്തില്ല. മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വന്നത്. പിന്നീടായിരുന്നു സിറാജിന്റെ അത്ഭുത ഓവര്‍. ആദ്യ പന്തില്‍ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ റണ്‍സൊന്നുമില്ല.

മൂന്നാം പന്തില്‍ സദീര സമരവിക്രമ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക (0) ഇഷാന്‍ കിഷന് ക്യാച്ച് നല്‍കി. അടുത്ത പന്തില്‍ ധനഞ്ജയ ഡിസില്‍വ ബൗണ്ടറി നേടി. അവസാന പന്തില്‍ താരത്തെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു. അടുത്ത ഓവറില്‍ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. തൊട്ടടുത്ത ഓവറില്‍ ദസുന്‍ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. തന്റെ ആറാം ഓവറില്‍ മെന്‍ഡിസിനെ പുറത്താക്കി ആറാം വിക്കറ്റും നേടി. ദുനിത് വെല്ലാലഗെ (8), പ്രമോദ് മദുഷന്‍ (1), മതീഷ പതിനാന (0) എന്നിവരെ ഹാര്‍ദിക്കും മടക്കി.

Leave a Reply

Your email address will not be published. Required fields are marked *