ഏഷ്യാകപ്പ്, ഹോംഗ്‌കോംഗിനെതിരെ 40 റൺസിന്റെ വിജയം നേടി ഇന്ത്യ സൂപ്പർ ഫോർ റൗണ്ടിലെത്തി

ഏഷ്യാകപ്പിൽ ഹോംഗ്‌കോംഗിനെതിരെ 40 റൺസിന്റെ വിജയം നേടി ഇന്ത്യ സൂപ്പർ ഫോർ റൗണ്ടിലെത്തി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 192 റൺസ് അടിച്ചുകൂട്ടിയ ശേഷം ഹോംഗ്‌കോംഗിനെ 152/5ൽ ഒതുക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ പാകിസ്ഥാനെ അഞ്ചുവിക്കറ്റിന് കീഴടക്കിയ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാംസ്ഥാനക്കാരായാണ് സൂപ്പർ ഫോറിലേക്ക് മുന്നേറിയത്. അർദ്ധ സെഞ്ച്വറിയോടെ ഫോം വീണ്ടെടുത്ത വിരാട് കൊഹ്ലിയും (59*) സൂര്യകുമാർ യാദവും (68*) മൂന്നാം വിക്കറ്റിൽ പുറത്താകാതെ 48 പന്തുകളിൽ നിന്ന് കൂട്ടിച്ചേർത്ത 98 റൺസാണ് ഇന്ത്യൻ ഇന്നിംഗ്‌സിന്റെ ഹൈലൈറ്റായത്. ക്യാപ്ടൻ രോഹിത് ശർമ്മ(21), കെ.എൽ രാഹുൽ (36) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹാർദിക്ക് പാണ്ഡ്യയെ ഒഴിവാക്കി റിഷഭ് പന്തിന് അവസരം നൽകിയാണ് ഇന്നലെ ഇന്ത്യ പ്‌ളേയിംഗ് ഇലവനെ പ്രഖ്യാപിച്ചത്. എന്നാൽ നാലുപേർക്ക് മാത്രമേ ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നുള്ളൂ. ഓപ്പണിംഗിനിറങ്ങിയ രോഹിതും രാഹുലും ചേർന്ന് 4.5ഓവറിൽ 38 റൺസാണ് കൂട്ടിച്ചേർത്തത്. 13 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 21 റൺസടിച്ച രോഹിതിനെ അയ്‌സാസ് ഖാന്റെ കയ്യിലെത്തിച്ച് ആയുഷ് ശുക്‌ളയാണ് ഹോംഗ്‌കോംഗിന് ആദ്യ ബ്രേക്ക് നൽകിയത്. തുടർന്ന് ക്രീസിലെത്തിയ വിരാട് കഴിഞ്ഞ മത്സരത്തിലേതുപോലെ മികച്ച ആത്മവിശ്വാസത്തോടെ ബാറ്റുവീശി.

56 റൺസ് കൂട്ടിച്ചേർത്തശേഷമാണ് രാഹുൽ പിരിഞ്ഞത്. 39 പന്തുകളിൽ രണ്ട് സിക്‌സുകൾ പറത്തിയ രാഹുലിനെ 13-ാം ഓവറിൽ ഗസൻഫർ കീപ്പറുടെ ഗ്‌ളൗസിലെത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവും വിരാടും ചേർന്ന് അവസാന ഓവറുകളിൽ കത്തിക്കയറി. 44 പന്തുകൾ നേരിട്ട വിരാട് ഒരു ഫോറും മൂന്ന് സിക്‌സുകളുമാണ് പായിച്ചത്. നേരിട്ട 40-ാമത്തെ പന്തിലാണ് വിരാട് അർദ്ധസെഞ്ച്വറിയിലെത്തിയത്. പിന്നാലെ സൂര്യകുമാർ യാദവും അർദ്ധശതകം തികച്ചു.

26 പന്തുകളിൽ നിന്ന് ആറുവീതം സിക്‌സും ഫോറും പായിച്ച സൂര്യകുമാറിന്റെ വെടിക്കെട്ടോടെയാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് വിരാമമായത്. മറുപടിക്കിറങ്ങിയ ഹോംഗ്‌കോംഗിനുവേണ്ടി 41 റൺസെടുത്ത ബാബർ ഹയാത്തും 30 റൺസെടുത്ത കിൻചിത്ത് ഷായുമാണ് പൊരുതിയത്.

Leave a Reply

Your email address will not be published. Required fields are marked *